പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക വിന്യാസം തുടരുന്നതിനിടെ, യുഎസ് പടക്കപ്പൽ വ്യൂഹത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിട്ട് ഇറാൻ. നിരീക്ഷണ ഡ്രോൺ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിച്ചതെന്നും, ഒമാന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ അറിയിച്ചു.  

ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിലാക്കി ഇറാനെ ലക്ഷ്യമിട്ട് കടലിൽ അമേരിക്കയുടെ സൈനിക വിന്യാസം നിലനിൽക്കെ പുതിയ നീക്കവുമായി ഇറാൻ. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക വൻ സന്നാഹമൊരുക്കുന്നുവെന്ന റിപ്പോ‍‍‍‌‍ർട്ടുകൾക്കിടെ, അമേരിക്കൻ പടക്കപ്പൽ വ്യൂഹത്തിന്റെ പൂർണ വിവരങ്ങൾ ഇറാൻ മാധ്യമങ്ങൾ പരസ്യപ്പെടുത്തി. ‘എബ്രഹാം ലിങ്കൺ ’പടക്കപ്പലിനൊപ്പം മൂന്ന് പടക്കപ്പലുകൾ കൂടി അമേരിക്ക വിന്യസിച്ചതായാണ് ഇറാൻ പുറത്ത് വിട്ടത്. ഇതിനൊപ്പം 12 കപ്പലുകൾ കൂടി ചബഹർ തുറമുഖത്തിന് 1400 കിലോമീറ്റർ അകലെ നിലകൊള്ളുന്നുണ്ട്. ഇന്നലെ ഇറാൻ അയച്ച ഡ്രോണുകൾ വിജയകരമായി നിരീക്ഷണം പൂർത്തിയാക്കിയെന്ന് തെളിയിക്കുന്നതാണ് നീക്കം. അമേരിക്കൻ യുദ്ധക്കപ്പലിലേക്ക് നിരീക്ഷണ ഡ്രോൺ അയച്ചെന്ന് സമ്മതിച്ച ഇറാൻ, ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എങ്കിലും ഉദ്ദേശിച്ച ഡാറ്റ പൂർണ്ണമായി കിട്ടിയെന്നാണ് ഇറാൻ ഉയർത്തുന്ന വാദം. ഇന്നലെയാണ് ഇറാൻ അയച്ച ഡ്രോൺ അമേരിക്ക വീഴ്ത്തിയത്.

അതേ സമയം, ഇറാന്‍റെ ആവശ്യപ്രകാരം അമേരിക്കയുമായുള്ള സമാധാന ചർച്ച ഒമാനിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഒമാനിലെ ചർച്ചകളോടാണ് ഇറാന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ, തുർക്കി, മിഡിൽ ഈസ്റ്റിലെ മറ്റ് രാഷ്ട്രങ്ങൾ എന്നിവ പരിഗണനയിൽ ഉണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ് പറഞ്ഞു. 

കഴിഞ്ഞ വർഷം ജൂൺ 13ന് ചർച്ച മേശയിലിരിക്കെ ഇസ്രയേൽ ഇറാനിൽ ആക്രമണം തുടങ്ങിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലെ ആണവ ചർച്ച ആറാം റൗണ്ടിലേക്കെത്തി നിൽക്കവേയായിരുന്നു ആക്രമണം. അതാണ് ഇറാന്റെ ഇപ്പോഴത്തെയും സംശയം. ചർച്ചയാകാം പക്ഷെ പിറകിലൂടെ ആക്രമണം നടക്കുമെന്ന അന്തരീക്ഷത്തിൽ ആകില്ല. തുർക്കിയും ഒമാനും മേഖലയിലെ മറ്റ് രാഷ്ട്രങ്ങളും വേദിയാകാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. മുൻപ് ചർച്ചകൾ നടന്ന ഒമാൻ തന്നെയാണ് ഇറാന് താൽപര്യം. മേഖലയിലെ മറ്റ് രാഷ്ട്രങ്ങൾ പങ്കെടുക്കാനും സാധ്യതയുണ്ട്. കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അടിയറ വെക്കില്ലെന്നത് ഇറാന്റെ നിലപാടാണ്. തങ്ങൾക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കാനും ഇറാൻ സമ്മർദം ചെലുത്തും. ഭരണം അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ട അമേരിക്ക മാധ്യമങ്ങളെ ബോധിപ്പിക്കാനാണ് കപ്പൽ വ്യൂഹത്തെ അയച്ചതെന്നും മാനസികമായ ആധിപത്യം തങ്ങൾക്കാണെന്നും ഇറാൻ കരുതുന്നു.