കൊല്ലപ്പെട്ടത് 329 പേർ, 40 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയർ ഇന്ത്യ വിമാനം ബോംബിട്ട് തകർത്തത് ഖാലിസ്ഥാൻ ഭീകരർ തന്നെ

Published : Jun 26, 2026, 01:59 AM IST
1985 Air India bombing

Synopsis

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് 40 വർഷത്തിന് ശേഷം കാനഡയുടെ രഹസ്യാന്വേഷണ ഏജൻസി സമ്മതിച്ചു. 329 പേരുടെ മരണത്തിനിടയാക്കിയ ഈ ഭീകരാക്രമണം കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദികളാണ് ആസൂത്രണം ചെയ്തതെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെ ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നു.

ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച് കാനഡ. 1985 ജൂണ്‍ 23ന് എയർ ഇന്ത്യ വിമാനം ബോംബ് സ്ഫോടനത്തിൽ തകർന്ന് 329 പേരാണ് കൊല്ലപ്പെട്ടത്. എയർ ഇന്ത്യയുടെ എമ്പറർ കനിഷ്ക എന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747 വിമാനം ബോംബ് വെച്ചു തകർത്തതിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ആദ്യമായി ഔദ്യോഗികമായി സമ്മതിച്ചു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഇന്ത്യയുടെ ദീർഘകാലത്തെ നിലപാടിനെ ശരിവെക്കുന്നതാണ് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തൽ. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരായിരുന്നു.

ടൊറന്‍റോയിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് തകർന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങാൻ 45 മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ്, വിമാനത്തിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടെങ്കിലും സമുദ്രത്തിൽ നിന്നും 131 മൃതദേഹങ്ങൾ മാത്രമാണ് വീണ്ടെടുക്കാൻ കഴിഞ്ഞത്. ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയായിരുന്നു പിന്നിൽ എന്ന് വ്യക്തമായി.

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന സിഖ് വിഘടനവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും അനുയായികളെയും പുറത്താക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ട 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' സൈനിക നടപടിയോടുള്ള പ്രതികാരമായാണ് ഈ ഭീകരാക്രമണം നടന്നത്. കാനഡയുടെ ദേശീയ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായി മാറിയ ദുരന്തം സംഭവിച്ച ജൂൺ 23നെ, ഭീകരാക്രമണ ഇരകളുടെ ദേശീയ അനുസ്മരണ ദിനമായി കനേഡിയൻ സർക്കാർ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

എങ്കിലും മുൻകാലങ്ങളിൽ ഈ ദുരന്തത്തെ കേവലം ഒരു 'ഇന്ത്യൻ പ്രശ്നം' എന്ന രീതിയിലാണ് കനേഡിയൻ അധികൃതർ വീക്ഷിച്ചിരുന്നത്. ഇത് അന്വേഷണത്തിന്റെ ഗൗരവം കുറയ്ക്കാൻ കാരണമായതായി ആക്ഷേപമുണ്ട്. തുടർന്ന് 2010-ൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് ജോൺ മേജറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, കനേഡിയൻ സുരക്ഷാ ഏജൻസികൾക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകളുടെ ഒരു പരമ്പര തന്നെ കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ഇരകളുടെ കുടുംബങ്ങളോട് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചിരുന്നു.

ഖാലിസ്ഥാനി ഭീകരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2023-ൽ ആരോപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വൻ പ്രതിസന്ധിയിലായിരുന്നു. ഇന്ത്യക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു. അടുത്തിടെ കാനഡയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പുതിയ നിലപാടിന് ആക്കം കൂട്ടിയിട്ടുണ്ട്. 2025 മാർച്ചിൽ മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതിവേഗം പുനഃസ്ഥാപിക്കപ്പെടുകയാണ്. ഭീകരാക്രമണം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കിയിട്ടുണ്ട്. കാനഡ ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫ് - അമേരിക്ക ബന്ധത്തിൽ സുപ്രധാന പ്രഖ്യാപനം; അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കാൻ ജിസിസി കൂട്ടായ്മ
ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു പതിച്ചു, ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം