ഗൾഫ് - അമേരിക്ക ബന്ധത്തിൽ സുപ്രധാന പ്രഖ്യാപനം; അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കാൻ ജിസിസി കൂട്ടായ്മ

Published : Jun 25, 2026, 11:20 PM IST
GCC US Relation

Synopsis

ഗൾഫ് - അമേരിക്ക ബന്ധത്തിൽ സുപ്രധാന പ്രഖ്യപനം. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കും എന്ന് ജിസിസി കൂട്ടായ്മ. ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കരുതെന്ന് യോഗം. 

മനാമ: അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ജിസിസി കൂട്ടായ്മ. ബഹ്റൈനിലെ മനാമയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഗൾഫ് - അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനമായത്. ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കരുതെന്ന് യോ​ഗം നിലപാടെടുത്തു. അസ്ഥിരത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും ജിസിസി ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ജിസിസി മന്ത്രിസഭാ കൗൺസിലിന്റെ നിലവിലെ ചെയർമാനുമായ ഡോ. അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനിയും യോഗത്തിന് സഹ അധ്യക്ഷരായി. ജിസിസി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവും യോഗത്തിൽ പങ്കെടുത്തു.

യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെ യോഗം സ്വാഗതം ചെയ്തു. ഈ ചർച്ചകളിൽ പാകിസ്ഥാനും ഖത്തറും വഹിച്ച മധ്യസ്ഥതാ പങ്ക് ശ്രദ്ധേയമാണെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. സംവാദങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ശത്രുതകൾ സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഐക്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതോ സ്വന്തമാക്കുന്നതോ തടയുക എന്നത് പൊതു ലക്ഷ്യമാണെന്നും അവർ വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, പ്രാദേശിക പ്രോക്സി ഗ്രൂപ്പുകൾ എന്നിവയും സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് യോഗം വിലയിരുത്തി.

ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിമാർ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം ട്രാൻസിറ്റ് അവകാശം ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി. കടലിടുക്കിൽ ടോൾ, ഫീസ്, അല്ലെങ്കിൽ നിയന്ത്രണ ശ്രമങ്ങൾ ഏർപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും യോഗം തള്ളി.

ഇറാനുമായി ഭാവിയിൽ ഉണ്ടാകാവുന്ന വ്യാപാര - നിക്ഷേപ ബന്ധങ്ങൾ കർശന നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഇറാൻ ധാരണാപത്രവും അന്തിമ കരാറും പാലിക്കുന്നതും അതിന്റെ അസ്ഥിരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതുമാണ് അതിന്റെ അടിസ്ഥാനമെന്ന് അവർ പറഞ്ഞു.

സിറിയയിലെ ജനങ്ങൾക്ക് സമാധാനപരവും സ്ഥിരതയുള്ളതുമായ, ഉൾക്കൊള്ളുന്ന ഒരു രാജ്യത്തെ നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് യോഗം പിന്തുണ അറിയിച്ചു. ലെബനന്റെ സുരക്ഷയ്ക്ക് യോഗം പിന്തുണ അറിയിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും തമ്മിൽ നടക്കുന്ന ചർച്ചകളെ യോ​ഗം സ്വാഗതം ചെയ്തു. ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പ്രസിഡൻ്റ് ട്രംപിന്റെ സമഗ്ര പദ്ധതി യോഗം പിന്തുണച്ചു. ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ ഇറാഖിൽ നടത്തിയ ആക്രമണങ്ങളെ യോഗം അപലപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു പതിച്ചു, ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം
ആപ്പിൾ പ്രേമികളേ ശ്രദ്ധിക്കൂ, എഐ തിരിച്ചടിച്ചു, ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലകൂട്ടി, മാക് ബുക്കിനും ഐപാഡിനും വില വര്‍ധന