ബ്രിട്ടനൊപ്പം കൈകോർത്ത് ഫ്രാൻസ്, ട്രംപിന് വമ്പൻ പ്രഹരം; ഹോർമുസ് തുറക്കാൻ വിളിച്ച അന്താരാഷ്ട്ര യോഗത്തിൽ പങ്കെടുക്കുമെന്ന് മാക്രോൺ

Published : Apr 13, 2026, 03:59 PM IST
macron starmer trump

Synopsis

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കാൻ ബ്രിട്ടനൊപ്പം ചേരുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. ഹോർമൂസിൽ കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം നിലനിൽക്കെയാണ് മാക്രോൺ നിലപാട് പ്രഖ്യാപിച്ചത്

പാരിസ്: ഹോർമുസ് കടലിടുക്ക് തുറന്ന് കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ബ്രിട്ടനൊപ്പം കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ഹോർ‍മുസിലെ കപ്പൽ ഗതാഗതത്തിന് ഉപരോധമേ‍ർപ്പെടുത്തുമെന്നും കപ്പലുകൾ ഹോർമൂസിൽ പ്രവേശിക്കുന്നത് തടയുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഫ്രാൻസിന്‍റെ ശക്തമായ നിലപട് എന്നത് ശ്രദ്ധേയമാണ്. ഹോർമുസിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടൻ വിളിച്ചുചേർത്ത അന്താരാഷ്ട്ര യോഗത്തിൽ ഫ്രാൻസ് പങ്കെടുക്കുമെന്നും മാക്രോൺ വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തിയുള്ള പ്രതിരോധ നടപടികൾക്കാണ് ഫ്രാൻസ് മുൻഗണന നൽകുന്നതെന്നും മാക്രോൺ വ്യക്തമാക്കി. ഇറാനുമായുള്ള തർക്കങ്ങൾക്കിടെ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാൻ ആഗോള തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഫ്രാൻസിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്‍റെ ഭീഷണിക്ക് ഇറാന്‍റെ മറുപടി

ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും അമേരിക്കയും തമ്മിൽ ഏറെ നാളായി തുടർന്നിരുന്ന സംഘർഷം ഈയിടെയാണ് അവസാനിച്ചത്. ഇത് കപ്പൽ സഞ്ചാരത്തിന് ആശ്വാസമേകി വരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണി. ഹോർമുസിന് പകരം ബാബ് അൽ മന്ദബ് തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമൂസിൽ കടുംപിടുത്തം തുടരുന്ന ഇറാനെ അതേനീക്കം കൊണ്ട് വെട്ടാനാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ പുതിയ വെല്ലുവിളി. കപ്പലുകളിൽ നിന്ന് ഇറാൻ പണം പിരിക്കുന്നത് തടയാൻ, കപ്പലുകളെ ഹോർമൂസിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുമെന്നാണ് വെല്ലുവിളി. ഇത് അന്താരാഷ്ട്ര ജലപാതകളെയും സമുദ്ര മേഖലയെയും സംഘർഷത്തിൽ മുക്കുമെന്ന് ഉറപ്പാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ക്ഷണിച്ചു, മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക്
അമേരിക്കയുടെ നടപടി 'കടൽക്കൊള്ള'; ഗൾഫ് തുറമുഖങ്ങൾ സുരക്ഷിതമാകില്ല, കർശന മുന്നറിയിപ്പുമായി ഇറാൻ