
പാരിസ്: ഇടതു പാർട്ടികളുടെ അപ്രതീക്ഷിത നീക്കത്തിൽ ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് തിരിച്ചടി. രണ്ടാം ഘട്ട പാർലമെന്ററി തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായതോടെ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം മക്രോയ്ക്ക് നഷ്ടമായി. 577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകൾ വേണം. എന്നാൽ, ഴാങ് ലക് മെലൻകോണിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഇടതു സഖ്യം വിജയം നേടിയതോടെ മക്രോയ്ക്ക് തിരിച്ചടിയായി. മെലൻകോണിന്റെ നേതൃത്വത്തിലുള്ള സഖ്യം 140 മുതൽ 200 സീറ്റുകൾ നേടിയേക്കുമെന്നാണ് വിലയിരുത്തൽ.
രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് മക്രോയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. മക്രോയുടെ സെൻട്രിസ്റ്റ് പാർട്ടി നയിക്കുന്ന സഖ്യം 260 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മറ്റു പാർട്ടികളുമായി സഖ്യം രൂപീകരിച്ച് ഭൂരിപക്ഷം നേടിയില്ലെങ്കിൽ അധികാരം വരെ നഷ്ടപ്പെട്ടേക്കാം. സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ്, ഴാങ് ലക് മെലൻകോണിന്റെ തീവ്ര ഇടതുപക്ഷ ഫ്രാൻസ് അൺബൗഡ് പാർട്ടി എന്നിവയ്ക്കൊപ്പം കമ്യുണിസ്റ്റ് പാർട്ടിയും സഖ്യത്തിലായതോടെ മക്രോണിന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മെലൻകോൺ മൂന്നാമതെത്തിയിരുന്നു.
മക്രോണിന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം കിട്ടാതിരുന്നാൽ ഫ്രഞ്ച് രാഷ്ട്രീയത്തിൽ അസ്ഥിരത സൃഷ്ടിക്കും. കഴിഞ്ഞ പാർലമെന്റിൽ ഇടതുപക്ഷത്തിന് 60 സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നിലവിൽ അവർക്ക് പ്രാതിനിധ്യം മൂന്നിരട്ടിയാക്കാം. തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നിന്റെ ദേശീയ റാലി പാർട്ടിക്കും വൻ നേട്ടമുണ്ടാകും.
ഭൂരിപക്ഷം ലഭിക്കാതാകുന്നതോടെ മക്രോൺ ആസൂത്രണം ചെയ്ത പരിഷ്കരണ നയങ്ങളും തുലാസിലാകും. നികുതി വെട്ടിക്കുറക്കൽ, ക്ഷേമ പദ്ധതികളുടെ പരിഷ്‌കരണം, വിരമിക്കൽ പ്രായം ഉയർത്തൽ തുടങ്ങിയ സമൂലമായ പരിഷ്കാരങ്ങളാണ് മക്രോൺ പ്രതീക്ഷിച്ചിരുന്നത്.