ഇന്ത്യയിൽ വരുമോ ഇന്ധന ലോക്ക്ഡൗണ്‍? കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പല രാജ്യങ്ങളും; ഹോര്‍മുസ് കടലിടുക്കിലെ തടസം തിരിച്ചടിയാകുന്നു

Published : Mar 26, 2026, 05:54 PM IST
Petrol

Synopsis

അമേരിക്ക- ഇറാന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെടുത്തിയതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ കടുത്ത ഊര്‍ജ്ജപ്രതിസന്ധിയിലാണ്. 'എനര്‍ജി ലോക്ക്ഡൗണ്‍' എന്ന ആശങ്ക പടരുമ്പോള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ പ്രതിസന്ധി തുടരുകയാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏഷ്യന്‍ രാജ്യങ്ങളെ കടുത്ത ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം കുറച്ചും, തെരുവ് വിളക്കുകള്‍ അണച്ചും, പെട്രോള്‍ പമ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും പ്രതിസന്ധി മറികടക്കാനാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ ശ്രമം. ഇതിനിടെ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും നയാര കമ്പനി കൂട്ടിയിരുന്നു.

എന്താണ് ഈ 'എനര്‍ജി ലോക്ക്ഡൗണ്‍'?

പ്രതിസന്ധി രൂക്ഷമായതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന വാക്കാണ് 'എനര്‍ജി ലോക്ക്ഡൗണ്‍. പെട്രോളും ഡീസലും വൈദ്യുതിയും ലാഭിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങളെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ഇത് ഒരു ഔദ്യോഗിക പദമല്ലെങ്കിലും, വരും ദിവസങ്ങളില്‍ ഊര്‍ജ്ജ ഉപയോഗത്തിന് രാജ്യം കടുത്ത പരിധികള്‍ നിശ്ചയിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ വരുമോ?

രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ വരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ബുധനാഴ്ച നടന്ന സര്‍വകക്ഷി യോഗത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ജനങ്ങളുടെ സഞ്ചാരത്തിനോ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് രാജ്യം ഒന്നിച്ചു നിന്നതുപോലെ ഈ പ്രതിസന്ധി ഘട്ടത്തിലും ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.പ്രതിസന്ധി നേരിടാന്‍ ഇന്ത്യ മുന്‍കരുതല്‍ എടുക്കുന്നുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, അടുത്ത മാസത്തെ ആവശ്യത്തിനായി ഏകദേശം 6 കോടി ബാരല്‍ റഷ്യന്‍ എണ്ണ ഇന്ത്യ ഇതിനോടകം വാങ്ങിക്കഴിഞ്ഞു.

ഹോര്‍മുസ് കടലിടുക്ക്: ഏഷ്യയുടെ ആശങ്ക

ലോകത്തെ കപ്പല്‍ വഴിയുള്ള എണ്ണ വിതരണത്തിന്റെ നാലിലൊന്ന് ഭാഗവും നടക്കുന്നത് വെറും 100 മൈല്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇതിന്റെ നിയന്ത്രണം ഇറാന്റെ കൈവശമായതാണ് ഏഷ്യന്‍ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട കപ്പലുകള്‍ക്ക് മാത്രമാണ് ഇതിലൂടെ കടന്നുപോകാന്‍ അനുമതിയുള്ളത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നത് ആഗോള വിപണിയില്‍ നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഓഹരി വിപണികള്‍ ഉയരുകയും എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. എങ്കിലും മധ്യേഷ്യയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല.

അയല്‍രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരം

ഊര്‍ജ്ജ പ്രതിസന്ധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി:

പാകിസ്ഥാന്‍: ഇന്ധനം ലാഭിക്കുന്നതിനായി ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പോകരുതെന്നും വീട്ടിലിരുന്ന് കളി കാണണമെന്നും അധികൃതര്‍ ആരാധകരോട് നിര്‍ദ്ദേശിച്ചു. വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് പരിധി നിശ്ചയിക്കാനും നീക്കമുണ്ട്.

ബംഗ്ലാദേശ്: പെട്രോള്‍ പമ്പുകളില്‍ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് അനുഭവപ്പെടുന്നത്. വൈദ്യുതി ലാഭിക്കാനായി വളം നിര്‍മ്മാണ ശാലകള്‍ പലതും അടച്ചുപൂട്ടി.

ഫിലിപ്പീന്‍സ്: ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ ജോലിസ്ഥലത്തേക്ക് നടന്നു പോകാന്‍ തുടങ്ങിയിരിക്കുകയാണ്.

ചൈന: വളം കയറ്റുമതി കുറയ്ക്കുകയും ഇന്തോനേഷ്യ കല്‍ക്കരിക്ക് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തതോടെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.

ചെലവ് കൂടുന്നു, ബജറ്റ് താളം തെറ്റുന്നു

നേരത്തെ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന എണ്ണയ്ക്ക് ഇപ്പോള്‍ വലിയ തുക നല്‍കേണ്ടി വരുന്നത് രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നുണ്ട്. ഇന്തോനേഷ്യയും തായ്ലന്‍ഡും ഇന്ധന സബ്സിഡി നല്‍കാന്‍ പാടുപെടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ കോവിഡ് കാലത്തെ പോലെ വായ്പ തിരിച്ചടവില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള നടപടികള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പരിഗണിച്ചേക്കുമെന്ന് ബാര്‍ക്ലേസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്റെ പരമോന്നത നേതാവാകാൻ വിളിച്ചിട്ട്, ട്രംപ് താനില്ലെന്ന് പറഞ്ഞെന്ന് ലോകത്തെങ്ങും വാര്‍ത്ത, പ്രസംഗത്തിൽ ട്രംപ് പറഞ്ഞത് അങ്ങനെയല്ല!
ഇറാന്‍റെ നാവികസേനാ കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ; വധിച്ചത് ഹോർമുസിൽ കപ്പലുകളെ തടയാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി