ഒമാനുമായുള്ള ചർച്ചകൾക്കിടെ, ഇറാൻ കടുത്ത യാഥാസ്ഥിതികനായ മൊഹ്‌സെൻ റെസായിയെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇറാൻ വ്യക്തമാക്കിയതോടെ ആഗോള എണ്ണവ്യാപാരം പ്രതിസന്ധിയിലായി. ഇതോടൊപ്പം, ആക്രമിക്കപ്പെട്ട കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച മേഖലയിൽ ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയും ഉയർത്തുന്നു.
ഒമാനുമായുള്ള ചർച്ചകൾ തുടരുന്നതിനിടെ ഇറാൻ തങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി IRGC (Islamic Revolutionary Guard Corps) കമാണ്ടറെ നിയമിച്ചു. മാർച്ചിൽ അലി ലാറിജാനി കൊല്ലപ്പെട്ട ശേഷം പദവിയിലെത്തുന്ന രണ്ടാമത്തെയാൾ. കടുത്ത യാഥാസ്ഥിതികനാണ്, മുഹമ്മദ് ബാഗറിന് പകരം സ്ഥാനമേറ്റ മൊഹ്‌സെൻ റെസായി. മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവുമാണ്. ചർച്ചകൾ തങ്ങളുടെ ഹോർമൂസ് നയത്തെ ബാധിക്കില്ലെന്നും അറിയിച്ചിരിക്കയാണ് ഇറാൻ. ലോകത്തിന് കനത്ത അടിയാണത്. ചർച്ചകൾ വിജയിച്ചാൽ ഹോർമൂസ് തുറക്കുമെന്ന പ്രതീക്ഷ ഇല്ലാതെയായി. കപ്പലുകൾ പുതിയ വഴികൾ കണ്ടുപിടിക്കുകയാണെന്നാണ് റിപ്പോർട്ട്. ഹോർമൂസ് വഴി രണ്ടും കൽപ്പിച്ചൊരു യാത്ര. അതാണിപ്പോൾ നടക്കുന്നത്. The New Normal ഇങ്ങനെയാവുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്.
കടുപ്പിക്കാൻ ഇറാൻ
മൊഹ്‌സെൻ റെസായി IRGC -യുടെ കമാണ്ടർ ഇൻ ചീഫായിരുന്നു. '81 മുതൽ '97 വരെ. ഇറാൻ - ഇറാഖ് യുദ്ധകാലം ഉൾപ്പെട്ട 16 വർഷം. മുജ്തബയുടെ ഉപദേഷ്ടാവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയാകുകയാണ്. കടുത്ത യാഥാസ്ഥിതികവാദികളാണ് മുജ്തബയും റസായിയും. മുഹമ്മദ് ബാഗേറും യാഥാസ്ഥിതികവാദിയാണ്. പിന്നെ എന്തിന് സ്ഥാനമാറ്റമെന്നാണ് അമ്പരപ്പ്. അണിയറയിലെ അഭിപ്രായ വ്യത്യാസങ്ങളാവാം എന്നൊരു നിഗമനമുണ്ട്. ഒമാനുമായി നടക്കുന്ന ചർച്ച ഹോർമൂസിനെക്കുറിച്ചല്ല. ഹോർമൂസ് തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ ആറ് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് കഴിഞ്ഞയാഴ്ച ദേശീയ സുരക്ഷാ കൗൺസിൽ പുറപ്പെടുവിച്ച പ്രസ്താവന. ഇറാനെയോ ലബനൺ, പലസ്തീൻ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ സഖ്യകക്ഷികളെയോ ഇനി ആക്രമിക്കാൻ പാടില്ല, ഉപരോധം അവസാനിപ്പിക്കണം, സൈന്യത്തെ പിൻവലിക്കണം, ആസ്തികൾ വിട്ടുകൊടുക്കണം, യുദ്ധനഷ്ടപരിഹാരം നൽകണം എന്നൊക്കെയാണ് ആവശ്യങ്ങൾ. ചിലതൊക്കെ അമേരിക്ക അംഗീകരിക്കേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.
പരസ്പര ഉപരോധം
ട്രംപിന്‍റെ നിലപാട് മറ്റൊന്നാണ്. ചർച്ചയുടെ വേഗം മനഃപൂർവം കുറയ്ക്കുകയാണ് തങ്ങളെന്നും ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് കാത്തിരിക്കുകയാണെന്നുമാണ് പ്രസിഡന്‍റിന്‍റെ പക്ഷം. തങ്ങളുടെ അനുവാദം വാങ്ങാത്ത കപ്പലുകളെ ഹോർമൂസ് കടക്കാൻ ഇറാൻ അനുവദിക്കുന്നില്ല. അതേസമയം തന്നെ, ഇറാന്‍റെ തുറമുഖങ്ങൾ ഉപരോധിച്ചിരിക്കയാണ് അമേരിക്ക. അത് മറികടക്കുന്ന കപ്പലുകൾ അമേരിക്കയും ലക്ഷ്യമിടുന്നു. അമേരിക്കയുടെ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ തെറ്റിപ്പോയി. ഇറാനെ ആക്രമിച്ചതിലും പിന്നെ ഹോർമൂസിലും എന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്. ചർച്ചകൾ തുടരുകയാണ്. അതിന്‍റെ അടിസ്ഥാനത്തിൽ ഹോർമൂസ് തുറക്കില്ലെന്നാണ് ഇറന്‍റെ നിലപാടെങ്കിലും ഖത്തറും ഒമാനും അറിയിക്കുന്നത് മറിച്ചാണ്.
വഴി, ഞങ്ങൾ തീരുമാനിക്കും
1968 മുതൽ International Maritime Organization (IMO) -ൻ നിർദ്ദേശിച്ച പാതയിലൂടെയായിരുന്നു കപ്പലുകളുടെ സഞ്ചാരം. ഇറാന്‍റെയും ഒമാന്‍റെയും സംയുക്ത ഉടമസ്ഥത. 1974 -ൽ ധാരണാപത്രം ഒപ്പിട്ടു. ഗതാഗത അതിർത്തികൾ വ്യക്തമാക്കുന്ന ധാരണ. യുഎന്നിലായിരുന്നു അത്. പക്ഷേ, ആ കപ്പൽപാതയിലാണ് യുദ്ധം തുടങ്ങിയതോടെ ഇറാൻ മൈനുകൾ നിക്ഷേപിച്ചത്. ഇപ്പോഴത്തെ സ്ഥിതിയിൽ അപകടകരം. ചില കപ്പലുകൾ അതുവഴി തന്നെ പോകുന്നു എന്നാണ് റിപ്പോർട്ട്. ചില കപ്പലുകൾ ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്തിടും, നിരീക്ഷണവും ആക്രമണവും എളുപ്പമാകില്ല. പക്ഷേ, അപകടമുണ്ടായാൽ ഇൻഷുറൻസ് കിട്ടില്ല. ഒമാൻ നിർദ്ദേശിച്ചൊരു പാതയുണ്ട്, IMO അത് അംഗീകരിച്ചു. എന്നാൽ, ഇറാൻ തള്ളിക്കളഞ്ഞു. ആ വഴി പോയ കപ്പലുകളെ ആക്രമിക്കുകയും ചെയ്തു. ഇറാൻ നിർദ്ദേശിച്ച പാതയിലൂടെ അനുവാദം വാങ്ങിപ്പോയാൽ മതിയെന്നാണ് ഇറാന്‍റെ നിലപാട്. അനുവാദം മാത്രമല്ല, വാടകയും. ഒരു ബാരൽ എണ്ണയ്ക്ക് 1 ഡോളർ. സാധാരണഗതിയിൽ ഒരു ദിവസം ഹോർമൂസ് കടക്കുന്നത് 2 കോടി ബാരലാണ്. അപ്പോൾ ഇറാന്‍റെ വരുമാനം ദിവസം 2 കോടി ഡോളർ.

സുഗമമല്ലാത്ത എണ്ണവ്യാപാരം
ട്രംപും ഊർജസെക്രട്ടറി ക്രിസ് റൈറ്റും എണ്ണക്കപ്പലുകൾ ഹോർമൂസ് കടക്കുന്നുവെന്ന് വാദിക്കുന്നു. പക്ഷേ, ഉപഗ്രഹ ചിത്രങ്ങളിൽ അത് കാണാനില്ല. ദിവസം നൂറായിരുന്നു യുദ്ധത്തിനുമുമ്പ്. ഇക്കഴിഞ്ഞയാഴ്ച ഹോർമൂസ് കടന്നത് 84 കപ്പലുകൾ മാത്രം. ദിവസം 40 ലക്ഷം എന്നാണ് കണക്ക്. സൗദി അറേബ്യ ചെങ്കടൽ വഴി 50 ലക്ഷം ബാരലുകൾ കടത്തിവിടുന്നുണ്ട്. ബാബ് അൽ മന്ദബിൽ ഹൂതികളുടെ ഭീഷണി നിലവിലുണ്ടെങ്കിലും ഗതാഗതത്തിന് വലിയ പരിക്കേറ്റിട്ടില്ല. ഗൾഫ് രാജ്യങ്ങൾ പൈപ്പ് ലൈനുകൾ വഴിയുള്ള എണ്ണനീക്കം കൂട്ടി. എങ്കിലും ക്രിസ് റൈറ്റ് പറഞ്ഞത്ര വരില്ലെന്നാണ് സിഎൻഎൻ റിപ്പോർട്ട്. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ കണക്കിൽ ആഗോള എണ്ണനീക്കത്തിൽ 2.6 ബില്യൻ ബാരലുകളുടെ കുറവ് വന്നു. യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്‍റെ പത്തിലൊന്നേ ഇപ്പോൾ ഉണ്ടാകുന്നുള്ളൂവെന്നും. മറ്റൊന്ന് കൂടി ഇതിനിടെ സംഭവിച്ചു.
റിക്കോർഡുകൾ ഭേദിക്കുന്ന കപ്പൽ വിന്യാസം
അമേരിക്കയുടെ യുഎസ്എസ് അബ്രഹാം ലിങ്കണാണ് (USS Abraham Lincoln) പശ്ചിമേഷ്യൻ കടലിൽ നങ്കൂരമിട്ടിരുന്നത്. ഇപ്പോൾ പക്ഷേ, മറ്റൊരു കപ്പലെത്തുകയാണ്. കാരണം, ഏബ്രഹാം ലിങ്കണിലെ ജീവനക്കാരുടെ ആരോഗ്യനിലയാണെന്നാണ് റിപ്പോർട്ട്. സാൻ ഡിയഗോയിൽ നിന്ന് കഴിഞ്ഞ നവംബറിലാണ് ഏബ്രഹാം ലിങ്കൺ പശ്ചിമേഷ്യയിലെത്തിയത്. 250 ദിവസത്തിലേറെയായിരിക്കുന്നു ഇപ്പോൾ. കഴിഞ്ഞ വ്യാഴാഴ്ച ഒരു നാവികൻ കടലിൽ വീണു, രക്ഷപ്പെടുത്തി, ചികിത്സിച്ചു. ചാടിയതാണോയെന്ന് വ്യക്തമല്ല. പക്ഷേ, പലരും ചാടാൻ ശ്രമിച്ചുവെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്. നാവികരുടെ കുടുംബങ്ങളും ആശങ്കയിലാണ്.

കോൺഗ്രസിലെ ഡമോക്രാറ്റ് അംഗങ്ങൾ, പെന്‍റഗൺ കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതെല്ലാം കണക്കിലെടുത്താണ് ജോർജ് വാഷിംഗ്ടണിന്‍റെ വരവ്. വിയറ്റ്നാം യുദ്ധത്തിനുശേഷം ഏറ്റവും നീണ്ട കപ്പൽ വിന്യാസം യുഎസ്എസ് ജെറാൾഡ് ഫോർഡ് (USS Gerald R. Ford) -ന്‍റെതായിരുന്നു. 326 ദിവസം. അതായത് 10 മാസം. അത് ഇറാൻ - വെനിസ്വേല യുദ്ധകാലത്താണ്. ഏബ്രഹാം ലിങ്കൺ 9 മാസം പിന്നിട്ടിരിക്കുന്നു ഇപ്പോൾ. ഡിസംബറിനുശേഷം നാവികർ കരതൊട്ടിട്ടില്ല. പകരം കപ്പൽ എത്തുമ്പോഴേക്കും ഫോർഡിന്‍റെ റെക്കോർഡ് ലിങ്കൺ ഭേദിച്ചിട്ടുണ്ടാവും. 7 മാസമാണ് സാധാരണ കാലാവധി. പക്ഷേ, ഈയടുത്തകാലത്തായി വിന്യാസങ്ങളുടെ സമയം കൂടിവരികയാണ്. നാവികർക്ക് സമ്മർദ്ദവും കൂടുന്നു.
കടലിൽപ്പരക്കുന്ന എണ്ണ
ഇതിനിടെ ഹോർമൂസിൽ ഇറാൻ ആക്രമിച്ച കപ്പലിൽ നിന്ന് എണ്ണ ഒഴുകിപ്പരക്കുന്നതിന്‍റെ ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നു. ഇറാന്‍റെ ഖഷെം ദ്വീപിലാണ് എണ്ണ പരന്നിരിക്കുന്നത്. കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും ഉൾപ്പടെയുള്ള ആവാസവ്യവസ്ഥക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട് പരിസ്ഥിതി വിദഗ്ധർ. അന്വേഷിക്കുന്നുവെന്ന് പ്രതികരിച്ച ഇറാൻ, എണ്ണയെല്ലാം വൃത്തിയാക്കിയെന്നും അവകാശപ്പെട്ടു. പക്ഷേ, സോഷ്യൽ മീഡിയയിൽ ഇപ്പോഴും ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്നു. 300 ചതുരശ്ര കിമീ ദൂരം എണ്ണ പടർന്നുവെന്നാണ് ചിത്രങ്ങൾ തെളിയിക്കുന്നത്. കാലക്രമേണ അതുണ്ടാക്കാവുന്ന പാരിസ്ഥിതികാഘാതങ്ങൾ കനത്തായിരിക്കുമെന്നാണ് മുന്നറിയിപ്പ്.


