'അതൊന്നുമല്ല കാരണം, പ്രധാനമന്ത്രി മോദിക്കു കീഴിലുള്ള സുരക്ഷയിൽ പൂർണ വിശ്വാസം'; നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിയതിൽ വിശദീകരണം

Published : Nov 26, 2025, 03:45 AM IST
netanyahu india visit postponed

Synopsis

ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവച്ചു. സുരക്ഷാ ആശങ്കകളാണ് കാരണമെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ നിഷേധിക്കുകയും  സുരക്ഷയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. 

ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം നീട്ടി വച്ചത് സുരക്ഷാ ആശങ്ക കൊണ്ടല്ലെന്ന് ഇസ്രയേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രയേൽ പ്രതികരിച്ചു. പുതിയ സന്ദർശന തീയതി തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്ക കാരണം നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നത് മാറ്റിവച്ചു എന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഇസ്രയേൽ.

"ഇസ്രയേൽ - ഇന്ത്യ ബന്ധവും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ബന്ധവും വളരെ ശക്തമാണ്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ സുരക്ഷയിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പുതിയ സന്ദർശന തിയ്യതി സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്"- എക്സിലെ പോസ്റ്റിൽ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.

ദില്ലി സ്ഫോടനത്തെ തുടന്നുള്ള സുരക്ഷാ ആശങ്ക കാരണം നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായി ഇസ്രയേലിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ദില്ലി സ്ഫോടനത്തെ തുടർന്ന് നെതന്യാഹു ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു- "ഇന്ത്യയും ഇസ്രയേലും ശാശ്വത സത്യങ്ങളിൽ നിലകൊള്ളുന്ന പുരാതന നാഗരികതകളാണ്. ഭീകരത നമ്മുടെ നഗരങ്ങളെ ആക്രമിച്ചേക്കാം. പക്ഷേ അത് ഒരിക്കലും നമ്മുടെ ആത്മാവിനെ ഉലയ്ക്കില്ല. നമ്മുടെ രാഷ്ട്രങ്ങളുടെ വെളിച്ചം ശത്രുക്കളുടെ ഇരുട്ടിനെ മറികടക്കും,"എന്നാണ് നെതന്യാഹു പ്രതികരിച്ചത്.

ഒടുവിൽ ഇന്ത്യയിലെത്തിയത് 2018ൽ

2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്ത വർഷം പുതിയ തിയ്യതി തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഐ24 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലുമാണ് നേരത്തെ മാറ്റിയത്. തെരഞ്ഞെടുപ്പ് നടപടികൾ കാരണമായിരുന്നു ഇത്. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാനായിരുന്നു ഒടുവിലത്തെ തീരുമാനം. ഈ നീക്കമാണ് ദില്ലി സ്ഫോടനത്തെ തുടർന്ന് മാറ്റിവെച്ചത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. പിന്നാലെ 2018 ജനുവരിയിലാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്. എഴ് വർഷത്തിന് ശേഷമുള്ള സന്ദർശനമാണ് പല തവണയായി മാറ്റിവെച്ചത്.

ലോകമെമ്പാടും തനിക്ക് സ്വീകാര്യതയുണ്ടെന്ന് ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നത് എന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ എന്നിവരോടൊപ്പമുള്ള നെതന്യാഹുവിന്‍റെ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ പാർട്ടി പ്രചരിപ്പിച്ചിരുന്നു. ലോക നേതാക്കളുമായി അടുത്ത സൌഹൃദമുണ്ടെന്നും ഇസ്രയേലിന്‍റെ നീക്കങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പിന്തുണയുണ്ടെന്ന് വരുത്താനുമായിരുന്നു ശ്രമം.

നെതന്യാഹുവിന് അറസ്റ്റ് വാറന്റുമായി തുർക്കി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പന്ത്രണ്ടിലേറെ ഇസ്രയേൽ അധികൃതർക്കും എതിരെ അറസ്റ്റ് വാറന്റുമായി തുർക്കി. വംശഹത്യാ കുറ്റങ്ങൾക്കാണ് അറസ്റ്റ് വാറന്റ്. നെതന്യാഹു അടക്കം 37 പേർക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയതെന്നാണ് ഇസ്താംബൂളിലെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വിശദമാക്കിയത്. നെതന്യാഹുവിന് പുറമേ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമ‍ർ ബെൻ ഗ്വിർ, സൈനിക മേധാവി ഇയാൽ സാമിർ എന്നിവർക്കെതിരെയും അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടുണ്ട്. ഗാസയിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നാണ് വാറന്റിൽ വിശദമാക്കുന്നത്. നാവിക മാനുഷിക ദൗത്യമായിരുന്നു ഫ്ലോട്ടില്ലയ്ക്കെതിരായ നടപടിയും വാറന്റ് കാരണമായതായാണ് തുർക്കി വിശദമാക്കുന്നത്. വാറന്റ് തള്ളുന്നതായും തുർക്കിയുടെ നടപടി അപലപിക്കുന്നതായും ഇസ്രയേൽ പ്രതികരിച്ചു. തുർക്കി പ്രസി‍ഡന്റ് തയ്യിബ് എ‍ർദ്ദോഗാന്റെ പിആർ സ്റ്റണ്ട് മാത്രമാണ് വാറന്റ് എന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി വിശദമാക്കുന്നത്. അറസ്റ്റ് വാറന്റിനെ ഹമാസ് സ്വാഗതം ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്
ജനസംഖ്യ വർധിപ്പിക്കാൻ 2026 ജനുവരി ഒന്നുമുതൽ പുതിയ നയം, ​ഗർഭനിരോധന മാർ​ഗങ്ങൾക്ക് വമ്പൻ നികുതി ചുമത്താൻ ഇന്ത്യയുടെ അയൽരാജ്യം!