അഞ്ച് ലക്ഷം കോടി ഡോളര്‍ വിപണിയിലേക്കിറക്കും; സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനാകുമെന്നും ജി20 രാജ്യങ്ങൾ

By Web TeamFirst Published Mar 26, 2020, 9:10 PM IST
Highlights

മനുഷ്യജീവൻ രക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും. ഭാവിയിലെ ഏതു വെല്ലുവിളിയെയും നേരിടാൻ തയ്യാറായി നിൽക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും ജി20 രാജ്യങ്ങളുടെ ഉച്ചകോടി. 
 

ദില്ലി: കൊവിഡ് 19 ശേഷമുള്ള സാഹചര്യം നേരിടാൻ 5 ലക്ഷം കോടി ഡോളര്‍ വിപണിയിലേക്ക് ഇറക്കാൻ ജി 20 ഉച്ചകോടിയിൽ തീരുമാനം. ഒറ്റക്കെട്ടായി വരാൻ പോകുന്ന വെല്ലുവിളികൾ അതിജീവിക്കാനും വീഡിയോ കോണ്‍ഫറൻസിംഗ് വഴി നടന്ന യോഗം തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തിൽ പൊളിച്ചെഴുത്ത് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.

സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജി 20 യോഗം അഞ്ച് തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഒന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ സാധ്യമായ നടപടികൾ എടുക്കുക, രണ്ട് ജനങ്ങളുടെ വരുമാനവും തൊഴിലും സംരക്ഷിക്കുക, മൂന്ന് ലോക സമ്പദ് വ്യവസ്ഥയിലെ വിശ്വാസം  പുനഃസ്ഥാപിക്കുക, നാല് സഹായം ആവശ്യമായ എല്ലാ രാജ്യങ്ങളെയും പിന്തുണക്കുക. അഞ്ച് പൊതുജന ആരോഗ്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുക.

മഹാമാരി തടയാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇതിനുള്ള ചെലവ് വഹിക്കുമെന്നും ജി 20 പ്രഖ്യാപിച്ചു. പ്രതിരോധ മരുന്നുകൾ കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ഗവേഷണത്തിന് ആവശ്യമായ വിഭവങ്ങളെല്ലാം നൽകും. സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്താൻ അഞ്ച് ലക്ഷം കോടി ഡോളര്‍ ജി 20 അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി വിപണിയിലേക്ക് ഇറക്കും. മഹാമാരിയെ ഒന്നിച്ച് അതിജീവിക്കുമെന്നും ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കുമെന്നും പ്രസ്താവന പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം അടിമുടി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മഹാമാരികൾക്ക്
നൽകേണ്ടിവരുന്ന വില വലുതെന്നും ദുര്‍ബല രാജ്യങ്ങളെ സഹായിക്കണം. സാമ്പത്തിക നഷ്ടങ്ങൾക്ക് മേലെയാണ് ജനജീവന്‍റെ വില. ഗവേണ ഫലങ്ങൾ പരസ്പരം പങ്കുവെക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ഡോണൾഡ്
ട്രംപും, ഷി ജിൻപിംഗും ഉൾപ്പടെ പ്രമുഖ രാഷ്ട്ര നേതാക്കളെല്ലം ഇത് ആദ്യമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തു.

click me!