
ഡബ്ലിൻ: അയർലൻ്റിൽ ഇന്ത്യാക്കാരെ തെരഞ്ഞുപിടിച്ച് സംഘടിതമായി ആക്രമിക്കുന്ന സംഭവങ്ങൾ പതിവായതോടെ എംബസി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജാഗ്രത പുലർത്തണമെന്നും ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിർദേശം. കൗമാരപ്രായക്കാരായ സംഘങ്ങൾ ഇന്ത്യൻ വംശജരെയും ഇന്ത്യാക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് എംബസിയുടെ ഇടപെടൽ.
ഡബ്ലിനിൽ തന്നെ തലഘട്ട എന്ന സ്ഥലത്ത് ജൂലൈ 19 ന് 40കാരനായ ഇന്ത്യാക്കാരൻ ആക്രമിക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തെ നഗ്നനാക്കിയും മർദ്ദിച്ചിരുന്നു. സംഭവം നടക്കുന്നതിന് മൂന്നാഴ്ച മുൻപ് മാത്രം ഡബ്ലിനിൽ എത്തിയ ഇദ്ദേഹം ആമസോണിൽ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ജന്നിഫർ മുറേ എന്ന അയർലൻ്റ് സ്വദേശിയായ സ്ത്രീയാണ് അന്ന് ഇദ്ദേഹത്തിൻറെ രക്ഷക്കെത്തിയത്. സംഭവത്തിൽ ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഥലത്ത് അടുത്ത കാലത്തായി ഇത്തരം വിദ്വേഷ ആക്രമണങ്ങൾ കൂടിവരുന്നതായും ഇവർ പൊലീസിനെ അറിയിച്ചു. അടുത്ത കാലത്തായി കുറഞ്ഞത് നാല് ഇന്ത്യാക്കാരെങ്കിലും ആക്രമിക്കപ്പെട്ടെന്നും ഇതൊന്നും വാർത്തയാകുന്നില്ലെന്നും മുറേ പിന്നീട് സമൂഹമാധ്യമത്തിൽ ജൂലൈ 20 ന് പങ്കുവച്ച വീഡിയോയിൽ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഡബ്ലിനിൽ തന്നെ, കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ വംശജനായ 32കാരൻ സന്തോഷ് യാദവിനെ ആറ് പേർ ചേർന്ന് ആക്രമിച്ചിരുന്നു. ക്രൂരമർദ്ദനത്തിനിരയായ ഇദ്ദേഹത്തിൻ്റെ താടിയെല്ലുകൾക്ക് പൊട്ടലുണ്ട്. ശരീരത്തിലാകെ ഇദ്ദേഹത്തിന് പലയിടത്തായി പരിക്കേറ്റിട്ടുണ്ട്. ഡബ്ലിനിലെ താമസ സ്ഥലത്തിന് അടുത്ത് വച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.
സ്വന്തം സുരക്ഷയ്ക്കായി സ്വയം കരുതൽ സ്വീകരിക്കണമെന്നാണ് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡബ്ലിനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നത്. ഇന്ത്യാക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ 0899423734 എന്ന നമ്പറിൽ എംബസിയെ ബന്ധപ്പെടാം. അല്ലെങ്കിൽ ആശങ്കകളും പരാതികളും cons.dublin@mea.gov.in എന്ന ഇമെയിലിലും അയക്കാവുന്നതാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.