
മുസാഫറാബാദ്: പാകിസ്ഥാനിൽ ജെൻസി പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാഭ്യാസ പരിഷ്കരണങ്ങളിൽ കടുത്ത പ്രതിഷേധമുയർത്തി രാജ്യം ഭരിക്കുന്ന ഷഹബാസ് ഷരീഫ് സർക്കാരിനെതിരെ പാക് അധീന കശ്മീരിലാണ് പ്രക്ഷോഭം. ഒരു മാസമായി നടക്കുന്ന പ്രക്ഷോഭം തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും ഇത് നിയന്ത്രണാതീതമായി മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സമരക്കാരുടെ നേർക്ക് അജ്ഞാതൻ വെച്ച വെടിയേറ്റ് ഒരാൾക്ക് പരിക്കേറ്റതോടെയാണ് സമരത്തിൻ്റെ സമാധാന സ്വഭാവം മാറുന്നത്.
മുസാഫറാബാദിലാണ് സമരക്കാർക്ക് നേരെ ഒരാൾ വെടിയുതിർത്തത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പൊലീസ് സാന്നിധ്യത്തിൽ അജ്ഞാതൻ വെടിയുതിർത്ത സംഭവം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി. കുപിതരായ വിദ്യാർത്ഥികൾ റോഡുകളിൽ ടയറുകൾ കത്തിച്ചും മറ്റും അക്രമാസക്തരായി മുന്നോട്ട് പോവുകയാണ്.
മുസാഫറാബാദിലെ പ്രമുഖ സർവകലാശാലയിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഫീസ് വർധനവിനെതിരെയായിരുന്നു പ്രതിഷേധം. സമരം ശക്തമായതിന് പിന്നാലെ ഫീസ് വർധനവ് പിൻവലിക്കുന്നതിന് പകരം സർവകലാശാല ക്യാംപസിൽ രാഷ്ട്രീയം നിരോധിച്ച് അധികൃതർ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലും സമാനമായ പ്രതിഷേധം ഇവിടെ നടന്നിരുന്നു. മാസങ്ങളുടെ ഇടവേളകളിൽ സെമസ്റ്റർ ഫീസെന്ന പേരിൽ ലക്ഷങ്ങൾ വാങ്ങുന്നുവെന്നായിരുന്നു ആരോപണം. അന്ന് ശമ്പളം കിട്ടുന്നില്ലെന്ന് ആരോപിച്ച് അധ്യാപകരും ജീവനക്കാരും സമരത്തിന് ഇറങ്ങിയിരുന്നു.