
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ എതിർപ്പിനെ അതിജീവിച്ച് അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായ സൊഹ്റാൻ മംദാനിക്ക് ഭീഷണിയുമായി ട്രംപ്. വാഷിംഗ്ടണുമായി സഹകരിച്ചില്ലെങ്കിൽ മംദാനിക്ക് ഏറെ നഷ്ടങ്ങളുണ്ടാവുമെന്നാണ് ബുധനാഴ്ച ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മംദാനിക്ക് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. വാഷിംഗ്ടണിനോട് ബഹുമാനം പുലർത്തിയാൽ മാത്രമാകും ന്യൂയോർക്ക് നഗരത്തിന് വിജയകരമായ രീതിയിൽ മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം ഉണ്ടാവൂവെന്നാണ് ട്രംപിന്റെ ഭീഷണി. ന്യൂയോർക്കുകാർ മംദാനിയെ തെരഞ്ഞെടുത്തതോടെ അമേരിക്കയ്ക്ക് പരമാധികാരം നഷ്ടമായെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
അത് നമുക്ക് കൈകാര്യം ചെയ്യാം എന്നായിരുന്നു ട്രംപ് കൂട്ടിച്ചേർത്തത്. എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ട്രംപ് വിശദമാക്കിയിരുന്നില്ല. കമ്യൂണിസത്തിനും സാമാന്യ ബുദ്ധിക്കും ഇടയിലുള്ള തെരഞ്ഞെടുപ്പാണ് അമേരിക്കക്കാർക്ക് മുന്നിലുള്ളതെന്നും ട്രംപ് തന്റെ പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു. ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമായാണ് സൊഹ്റാൻ മംദാനി മിന്നുന്ന വിജയം നേടിയത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ പ്രസിദ്ധമായ 'ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ വംശജനായ മംദാനിയുടെ പ്രസംഗം. ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും. കുടിയേറ്റക്കാർ കെട്ടിപ്പടുത്ത നഗരം, കുടിയേറ്റക്കാർ നയിക്കുന്ന നഗരം, അദ്ദേഹം പറഞ്ഞു. സൗജന്യ ബസുകൾ, സാർവത്രിക ശിശുപരിപാലനം, വർധിച്ചു വരുന്ന വാടക നിയന്ത്രണം എന്നീ പ്രധാന വാഗ്ദാനങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഉഗാണ്ടൻ പണ്ഡിതനായ മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും മകനാണ് സോഹ്റാൻ മംദാനി. തൻ്റെ മുസ്ലിം ഐഡന്റിറ്റിയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.