ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം 'നരഹത്യ', കാരണം കഴുത്തുഞ്ഞെരുങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published Jun 2, 2020, 9:20 AM IST
Highlights

നാല്‍പ്പത്തിയാറുകാരനായ ജോര്‍ജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്നതായിരുന്നു ജോര്‍ജിന്‍റെ അവസാന വാക്കുകള്‍. ഇതാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യവും. 

മിനിയോപൊളിസ്: അമേരിക്കയില്‍ പൊലീസുകാരന്‍റെ ക്രൂരതയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ജോര്‍ജ് ഫ്ലോയ്ഡിന്‍റേത് 'നരഹത്യ'യാണെന്നും കഴുത്ത് ഞെരുങ്ങിയാണ് അയാള്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് മിനുട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നു. 

നാല്‍പ്പത്തിയാറുകാരനായ ജോര്‍ജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്നതായിരുന്നു ജോര്‍ജിന്‍റെ അവസാന വാക്കുകള്‍. ഇതാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യവും. 

കഴിഞ്ഞ ദിവസം ആളുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഏഴ് ദിവസമായി തുടരുന്ന പ്രതിഷേധം തലസ്ഥാനത്ത് കൂടുതല്‍ ശക്തമാകുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധകര്‍ രംഗത്തെത്തിയതോടെയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. തലസ്ഥാനമായ വാഷിംഗ്ടണിലും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും കഴിഞ്ഞ ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. 

മെയ് 25നാണ് യുഎസ്സിലെ മിനിയാപോളിസിലെ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

click me!