ബംഗ്ലാദേശിൽ ഇന്ധനം നിറച്ചതിന് പണം നൽകാതെ കടക്കാൻ ശ്രമിച്ച കാർ തടഞ്ഞ ഹിന്ദുവായ പെട്രോൾ പമ്പ് ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ പ്രാദേശിക നേതാവിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു.
ധാക്ക: ബംഗ്ലാദേശിലെ രാജ്ബാരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ ഹിന്ദു യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി. ഇന്ധനം അടിച്ചതിന് ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ച വാഹനത്തെ തടയാൻ ശ്രമിക്കവേയാണ് 30 കാരനായ റിപ്പൺ സാഹ കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി മുൻ പ്രാദേശിക നേതാവിന്റെ വാഹനമാണ് യുവാവിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയത്. വെള്ളിയാഴ്ച പുലർച്ചെ 4:30-ഓടെയാണ് സംഭവം. രാജ്ബാരിയിലെ കരീം ഫില്ലിംഗ് സ്റ്റേഷനിൽ എത്തിയ കറുത്ത എസ്‌യുവി 3,710 രൂപയുടെ ഇന്ധനം നിറച്ചു. പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന റിപ്പൺ സാഹ കാറിന് മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചു. എന്നാൽ ഡ്രൈവർ കാർ നിർത്താതെ റിപ്പണെ ഇടിച്ചു തെറിപ്പിക്കുകയും ശരീരത്തിലൂടെ വണ്ടി കയറ്റി ഓടിച്ചു പോവുകയുമായിരുന്നു. റിപ്പൺ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമ അബുൽ ഹാഷെം (55), ഡ്രൈവർ കമൽ ഹൊസൈൻ (43) എന്നിവരെ അറസ്റ്റ് ചെയ്തു. രാജ്ബാരി ജില്ലാ ബിഎൻപി മുൻ ട്രഷററും ജില്ലാ യുവദൾ മുൻ പ്രസിഡന്റുമാണ് അബുൽ ഹാഷെം. ഇതൊരു ആസൂത്രിത കൊലപാതകമായി കണക്കാക്കി കേസെടുക്കുമെന്ന് രാജ്ബാരി സദർ പോലീസ് മേധാവി ഖൊണ്ടാകർ സിയാവുർ റഹ്മാൻ അറിയിച്ചു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണിത്. ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിലിന്റെ കണക്കനുസരിച്ച്, 2025 ഡിസംബറിൽ മാത്രം 51 വർഗീയ അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ന്യൂനപക്ഷ വോട്ടർമാരെ ഭയപ്പെടുത്താനും വോട്ടുചെയ്യുന്നതിൽ നിന്ന് തടയാനുമാണ് ഇത്തരം അക്രമങ്ങൾ വർദ്ധിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റത്തിൽ ഇന്ത്യ നേരത്തെ തന്നെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം അക്രമങ്ങളെ വ്യക്തിപരമായ വൈരാഗ്യമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് തീവ്രവാദികൾക്ക് കൂടുതൽ കരുത്ത് നൽകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. നിലവിൽ ബംഗ്ലാദേശിലെ 17 കോടി ജനസംഖ്യയിൽ എട്ട് ശതമാനത്തിൽ താഴെ, ഏകദേശം 1.3 കോടി മാത്രമാണ് ഹിന്ദു ജനവിഭാഗമുള്ളത്.


