സാമൂഹ്യ അകലം പാലിച്ച് നിസ്കരിക്കാന്‍ ഇടമില്ല; മുസ്ലിം വിശ്വാസികള്‍ക്കായി വാതില്‍ തുറന്ന് ജര്‍മ്മനിയിലെ ഈ പള്ളി

By Web TeamFirst Published May 24, 2020, 6:33 PM IST
Highlights

ഈദ് പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്ന വിശ്വാസികളില്‍ എല്ലാവരേയും സാമൂഹ്യ അകലം പാലിച്ച് ഉള്‍ക്കൊള്ളാന്‍ സ്ഥലമില്ലാതിരുന്ന മോസ്കിനാണ് ജര്‍മ്മനിയിലെ ന്യൂക്കോലിനിലെ ക്രിസ്ത്യന്‍ ദേവാലയം  തുറന്ന് നല്‍കിയത്.  

ന്യൂക്കോലിന്‍ (ജര്‍മ്മനി): സാമൂഹ്യ അകലം പാലിച്ച നിസ്കരിക്കാനായി മുസ്ലിം വിശ്വാസികള്‍ക്ക് പള്ളി തുറന്ന് നല്‍കി ജര്‍മ്മനിയുടെ മാതൃക. കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കിടെ പള്ളികളിലെ ചടങ്ങുകള്‍ വീണ്ടും തുടങ്ങാന്‍ ജര്‍മ്മനി നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശത്തോടെയായിരുന്നു ഇളവ് പ്രഖ്യാപിച്ചത്.

ഈദ് പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്ന വിശ്വാസികളില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സ്ഥലമില്ലാതിരുന്ന മോസ്കിനാണ് ജര്‍മ്മനിയിലെ ന്യൂക്കോലിനിലെ ക്രിസ്ത്യന്‍ ദേവാലയം  തുറന്ന് നല്‍കിയത്.  വിശ്വാസികളിലെ ചെറിയ വിഭാഗത്തെ മാത്രമായിരുന്നു സാമൂഹ്യ അകലം പാലിച്ച് ഉള്‍ക്കാള്ളാനുള്ള സ്ഥലം മാത്രമായിരുന്നു ദാര്‍ അസ്സലാം മോസ്കിനുണ്ടായിരുന്നത്. ഇതോടെയാണ് ഈദ് പ്രാര്‍ത്ഥനകള്‍ക്കായി സമീപത്തുള്ള മാര്‍ത്താ ലൂഥറന്‍ പള്ളി മുസ്ലിം വിശ്വാസികള്‍ക്കായി വാതിലുകള്‍ തുറന്ന് നല്‍കിയത്. 

ഈ റമദാന്‍  മറ്റ് വേര്‍തിരിവുകള്‍ ഒന്നും കൂടാതെ ഒന്നിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു പള്ളി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദാര്‍ അസ്സലാം മോസ്കിലെ ഇമാം ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിക്കുന്നു. പള്ളിയിലെ ക്രമീകരണങ്ങളും കൊയറിലെ സംഗീത ഉപകരണങ്ങളുമെല്ലാമുള്ള സാഹചര്യത്തില്‍ ഈദ് നമസ്കാരം ചെയ്തത് വ്യത്യസ്തമായിരുന്നുവെന്നാണ് വിശ്വാസികളുടെ പ്രതികരണം. പക്ഷേ എല്ലാം ദൈവത്തിലേക്കല്ലേ നയിക്കുന്നതെന്നും വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ക്കൊപ്പം പ്രാര്‍ത്ഥനകളില്‍ പള്ളിയിലെ പാസ്റ്ററും പങ്കെടുത്തു. 

click me!