ഐഎംഎഫിലെ ഉന്നത പദവി രാജിവച്ച് ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്, മടക്കം ഹർവാഡിലെ അധ്യാപന ജീവിതത്തിലേക്ക്

Published : Jul 22, 2025, 06:59 PM IST
Gita Gopinath

Synopsis

കണ്ണൂർ സ്വദേശിനിയായ ഗീത ഒന്നാം പിണറായി സർക്കാരിന്‍റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016 - 18 കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനമാണ് ഗീത നൽകിയത്

ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ എം എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് പദവി രാജിവച്ചു. അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഐ എം എഫിൽ നിന്നും ഗീത പടിയിറങ്ങുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ഗീത ഗോപിനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2025 ഓഗസ്റ്റിൽ ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അധ്യാപികയായി മടങ്ങിയെത്തുമെന്നും അവർ വിവരിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ ഗീത, 2019 ലാണ് ഐ എം എഫിലെത്തിയത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയിൽ പ്രവേശിച്ച ഗീത, 2022ൽ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന ഖ്യാതിയും ഇതോടെ ഗീതക്ക് സ്വന്തമായിരുന്നു.

ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകൾ വളരെ വലുതായിരുന്നുവെന്നാണ് ഐ എം എഫ് വാർത്താക്കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. യുക്രെയ്ൻ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐ എം എഫിന്റെ പ്രവർത്തനങ്ങളിലും ഗീതയുടെ സംഭാവനകൾ അതീവ പ്രാധാന്യമുള്ളതായിരുന്നു. ജി 7, ജി 20 സമ്മേളനങ്ങളിൽ ഐ എം എഫിന്റെ നയരൂപീകരണത്തിലടക്കം നൽകിയ മികച്ച ഇടപെടലുകളിലൂടെ ലോക സാമ്പത്തിക മേഖലയ്ക്ക് കരുത്തേകിയ വ്യക്തിത്വമായിരുന്നു ഗീത. കണ്ണൂർ സ്വദേശിനിയായ ഗീത ഒന്നാം പിണറായി സർക്കാരിന്‍റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016 - 18 കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനമാണ് ഗീത നൽകിയത്. ഹാർവഡിലേക്കുള്ള മടക്കം അക്കാദമിക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പുതിയ അധ്യായമാണെന്നാണ് ഗീത സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഗീതയുടെ കുറിപ്പ് ഇപ്രകാരം

ഐ എം എഫിലെ ഏഴ് വിസ്മയകരമായ വർഷങ്ങൾക്ക് ശേഷം, ഞാൻ എന്റെ അക്കാദമിക് ജീവിതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 2025 സെപ്റ്റംബർ 1 മുതൽ ഞാൻ ഹാർവഡിൽ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്ന പദവിയിൽ വീണ്ടുമെത്തും. ഐ എം എഫിൽ ആദ്യം ചീഫ് ഇക്കണോമിസ്റ്റായും പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ച കാലഘട്ടത്തിന് ഞാൻ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. ഐ എം എഫിന്റെ മികച്ചതും പ്രതിബദ്ധതയുള്ളതുമായ ജീവനക്കാർ, മാനേജ്മെന്റിലെ സഹപ്രവർത്തകർ, എക്സിക്യൂട്ടീവ് ബോർഡ്, രാജ്യങ്ങളിലെ അധികാരികൾ എന്നിവരോടൊപ്പം അടുത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ ഞ‌ാൻ സന്തുഷ്ടയാണ്. ഐ എം എഫിന്റെ അംഗരാജ്യങ്ങൾക്ക് സേവനം ചെയ്യാനുള്ള അവസരം നൽകിയതിൽ ക്രിസ്റ്റലീന ജോർജിയേവക്കും ക്രിസ്റ്റിൻ ലഗാർഡിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇപ്പോൾ ഞാൻ അക്കാദമിക് ലോകത്തേക്ക് മടങ്ങുകയാണ്, അവിടെ അന്താരാഷ്ട്ര ധനകാര്യം, മാക്രോ ഇക്കണോമിക്സ് എന്നിവയിൽ ഗവേഷണത്തിന്റെ അതിർവരമ്പുകൾ മുന്നോട്ടു നയിക്കാനും, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും, അടുത്ത തലമുറയിലെ സാമ്പത്തിക ശാസ്ത്രജ്ഞരെ പരിശീലിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'