
ഫ്ലോറിഡ: നിധികളുടെ തീരമെന്ന പേരിൽ പ്രശസ്തമായ അറ്റ്ലാന്റികിലെ ഫ്ലോറിഡാ തീരത്ത് നിന്ന് കണ്ടെത്തിയത് മുങ്ങിപ്പോയ സ്പാനിഷ് കപ്പലിൽ നിന്നുള്ള വെള്ളി, സ്വർണ നാണയങ്ങൾ. കപ്പൽഛേദങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധരായ കമ്പനിയാണ് ഒരു മില്യൺ യുഎസ് ഡോളർ (ഏകദേശം 88720450 രൂപ) മൂല്യമുള്ള നാണയങ്ങൾ കണ്ടെത്തിയത്. 1715 ൽ ഫ്ലോറിഡാ തീരത്ത് തകർന്ന സ്പാനിഷ് രാജ്ഞിയായ എലിസബത്ത് ഫർണീസിന്റെ കപ്പൽ വ്യൂഹത്തിലുള്ളതാണ് നിലവിലെ നിധിയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ബൊളീവിയസ, മെക്സിക്കോ, പെറു അടക്കമുള്ള രാജ്യങ്ങളിലെ കോളനികളിൽ നിന്ന് വെള്ളിയും സ്വർണവും സ്പെയിനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കപ്പൽ തകർന്നത്. കണ്ടെത്തിയ നാണയങ്ങളിൽ അവ നിർമ്മിതമായ കാലഘട്ടം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.
ഇത് വെറുമൊരു നിധി കണ്ടെത്തൽ മാത്രമല്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഓരോ നാണയത്തിനും പറയാനൊരു ചരിത്രമുണ്ടാകുമെന്നാണ് പര്യവേഷണത്തിന് നേതൃത്വം നൽകിയ സാൽ ഗുറ്റൂസോ വിശദമാക്കുന്നത്. സ്പെയിൻ രാജ വംശത്തിന്റെ സുവർണ കാലഘട്ടത്തിലുള്ളതാണ് കണ്ടെത്തിയ നിധി. കണ്ടെത്തിയ നിധിയുടെ 20 ശതമാനം പുരാവസ്തു ഗവേഷണത്തിന് നൽകണമെന്നാണ് ഫ്ലോറിഡയിലെ നിയമം അനുശാസിക്കുന്നത്.
300 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ആയിരത്തിലേറെ വെള്ളി, സ്വർണ നാണയങ്ങളാണ് കണ്ടെത്തിയത്. 1715 ലെ സ്പാനിഷ് ട്രെഷർ ഫ്ലീറ്റ് കപ്പൽ അവശിഷ്ടങ്ങളിൽ നിന്നുള്ള ധാരാളം നിധികൾ കടൽത്തീരത്ത് കണ്ടെത്തിയതിനാലാണ് ഈ മേഖലയെ നിധികളുടെ തീരമെന്ന പേരിൽ വിളിക്കുന്നത്. ചൊവ്വാഴ്ചയാണ് കപ്പൽഛേദ പര്യവേഷകരായ ക്വീൻസ് ജുവൽ എൽഎൽസി ഇക്കാര്യം വിശദമാക്കിയത്.