
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് ഇന്ധനവിലയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 രൂപ വീതമാണ് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിൽ ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണ ശൃംഖല തടസ്സപ്പെട്ടതാണ് അപ്രതീക്ഷിത തീരുമാനത്തിന് കാരണം.
വെള്ളിയാഴ്ച രാത്രി ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് എന്നിവർ നടത്തിയ അടിയന്തര വാർത്താ സമ്മേളനത്തിലാണ് പുതിയ വില പ്രഖ്യാപിച്ചത്. മാർച്ച് 7 അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിലവിൽ പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 321.17 പാക് രൂപയും ഡീസൽ വില ലിറ്ററിന് 335.86 പാക് രൂപയുമാണ്.
വിലവർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ലാഹോർ, കറാച്ചി, ഇസ്ലാമാബാദ്, റാവൽപിണ്ടി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇന്ധന പമ്പുകളിൽ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടു. ആയിരക്കണക്കിന് വാഹന ഉടമകൾ ഇന്ധനം നിറയ്ക്കാനായി പമ്പുകളിലേക്ക് ഇരച്ചെത്തിയതോടെ കിലോമീറ്ററുകളോളം നീളുന്ന ക്യൂ രൂപപ്പെട്ടു. ചിലയിടങ്ങളിൽ വാഹന ഉടമകളും പമ്പ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റോക്ക് തീരാതിരിക്കാൻ പല പമ്പുകളും മുൻകൂട്ടി അടച്ചുപൂട്ടി. യുദ്ധസാഹചര്യം കാരണം കപ്പൽ ചരക്കുനീക്കത്തിനും ഇൻഷുറൻസിനും ഭീമമായ തുക അധികമായി നൽകേണ്ടി വരുന്നുണ്ട്. സ്വകാര്യ എണ്ണക്കമ്പനികൾക്ക് എണ്ണ ഇറക്കുമതി തുടരാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതമായതെന്നാണ് വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam