ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നിന് അവസാനം കുറിക്കുക ലക്ഷ്യം, വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു, കാരണങ്ങൾ ഇത്

Published : Dec 03, 2025, 05:36 PM IST
mh 370

Synopsis

2014-ൽ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370-നായുള്ള തിരച്ചിൽ മലേഷ്യ പുനരാരംഭിക്കുന്നു. അമേരിക്കൻ മറൈൻ റോബോട്ടിക്സ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയാണ് 'കണ്ടെത്തിയില്ലെങ്കിൽ ഫീസ് വേണ്ട' എന്ന വ്യവസ്ഥയിൽ തിരച്ചിൽ നടത്തുന്നത്. 

ക്വലാലംപുർ: വർഷങ്ങൾക്ക് മുമ്പ് ക്വാലാലംപൂരിൽ നിന്ന് ബെയ്ജിംഗിലേക്ക് പറന്ന മലേഷ്യൻ എയർലൈൻസിന്‍റെ എംഎച്ച് 370 വിമാനം ഒരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്ക് വിരാമമിടാൻ മലേഷ്യ തിരച്ചിൽ പുനരാരംഭിക്കുന്നു. 2014 മാർച്ച് എട്ടിനാണ് ലോകത്തെയാകെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കാണാതായ വിമാനത്തിന് വേണ്ടിയുള്ള തെരച്ചിൽ ഈ മാസം തന്നെ ആരംഭിക്കുമെന്ന് മലേഷ്യ ബുധനാഴ്ച പ്രഖ്യാപിച്ചു. കാണാതായ എംഎച്ച്-370ന്‍റെ അവശിഷ്ടങ്ങൾക്കായി കടലിന്‍റെ അടിത്തട്ടിൽ വീണ്ടും തെരച്ചിൽ നടത്താൻ അമേരിക്കൻ മറൈൻ റോബോട്ടിക്സ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയെ ചുമതലപ്പെടുത്തിയതായി മലേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

എംഎച്ച് 370 വിമാനം 227 യാത്രക്കാരെയും 12 ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെയ്ജിംഗിലേക്ക് പറന്നുയർന്നത്. വിമാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി ഇത് മാറുകയായിരുന്നു. ഡിസംബർ 30ന് പുനരാരംഭിക്കുന്ന തെരച്ചിൽ 55 ദിവസത്തേക്ക് ഇടവിട്ട് തുടരുമെന്ന് മലേഷ്യൻ സർക്കാർ അറിയിച്ചു. ഈ വർഷം മാർച്ച് 25നാണ് സർക്കാർ ഓഷ്യൻ ഇൻഫിനിറ്റിയുമായി സേവന കരാറിൽ ഒപ്പുവെച്ചത്.

12 വർഷത്തിന് ശേഷം തിരച്ചിൽ പുനരാരംഭിക്കുന്നത് എന്തിന്?

ഏകദേശം 12 വർഷമായി മുമ്പ് കാണാതായ എംഎച്ച് 370-ന് വേണ്ടിയുള്ള തെരച്ചിൽ മലേഷ്യൻ സർക്കാർ പുനരാരംഭിക്കാൻ മൂന്ന് പ്രധാന കാരണങ്ങളാണ് ഉള്ളത്.

1. ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ

ദുരന്തത്തിൽപ്പെട്ട വിമാനത്തിലെ 239 യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങൾക്ക് ഒരു തീരുമാനമുണ്ടാക്കി ആശ്വാസം നൽകാൻ മലേഷ്യൻ സർക്കാർ ആഗ്രഹിക്കുന്നു. 2014 നും 2017 നും ഇടയിൽ മലേഷ്യ, ഓസ്ട്രേലിയ, ചൈന എന്നിവ സംയുക്തമായി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലെ 1,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം തെരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 2018ൽ, ഓഷ്യൻ ഇൻഫിനിറ്റി ഏറ്റെടുക്കുകയും വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിശ്വസിച്ചിരുന്ന 25,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചെറിയ പ്രദേശം പരിശോധിക്കുകയും ചെയ്തു. മൂന്ന് മാസം നീണ്ടുനിന്ന ആ ശ്രമവും വിജയിച്ചില്ല.

വിമാനത്തിൽ 153 പൗരന്മാരുണ്ടായിരുന്ന ചൈനയിൽ നിന്നുള്ളവരുൾപ്പെടെ പല ബന്ധുക്കളും തെരച്ചിൽ ഉപേക്ഷിക്കരുതെന്ന് മലേഷ്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

2. സാമ്പത്തിക നഷ്ടസാധ്യതയില്ല (നോ ഫൈൻഡ്, നോ ഫീ)

വിമാനം കണ്ടെത്തിയില്ലെങ്കിൽ മലേഷ്യയ്ക്ക് സാമ്പത്തിക നഷ്ടം ഇല്ലാത്ത നിലയിലാണ് തെരച്ചിൽ നടത്താനുള്ള കരാർ. വിമാനം കണ്ടെത്തിയില്ലെങ്കിൽ ഫീസ് നൽകേണ്ടതില്ല എന്ന വ്യവസ്ഥയിൽ ആണ് ഓഷ്യൻ ഇൻഫിനിറ്റി പ്രവർത്തിക്കുക എന്ന് ഗതാഗത മന്ത്രി ആന്‍റണി ലോകെ കഴിഞ്ഞ ഡിസംബറിൽ സ്ഥിരീകരിച്ചിരുന്നു. 2018-ലും ഇതേ കരാറാണ് നൽകിയിരുന്നത്. വിശ്വസനീയമായ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ മലേഷ്യൻ സർക്കാർ പണം നൽകൂ. എംഎച്ച് 370ന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ ഓഷ്യൻ ഇൻഫിനിറ്റിക്ക് മലേഷ്യ 70 മില്യൺ ഡോളർ നൽകും.

3. വിജയസാധ്യത കൂടുതലുള്ള മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ഈ തവണത്തെ തെരച്ചിൽ വിജയസാധ്യത കൂടുതലുള്ള മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിമാനം കണ്ടെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ഒരു പ്രത്യേക ലക്ഷ്യമിട്ട പ്രദേശത്താണ് തിരച്ചിൽ നടത്തുകയെന്ന് മന്ത്രാലയം പറഞ്ഞു. 2018 മുതൽ ഓഷ്യൻ ഇൻഫിനിറ്റി ഉപഗ്രഹ ഡാറ്റ, സമുദ്ര പ്രവാഹങ്ങൾ, ഡ്രിഫ്റ്റ് മോഡലിംഗ് എന്നിവ വിശകലനം ചെയ്യുന്നത് തുടർന്നു. ഇത് മുൻഗണന നൽകേണ്ട മേഖലയെ കൂടുതൽ ചുരുക്കാൻ കമ്പനിയെ സഹായിച്ചു.

ഓഷ്യൻ ഇൻഫിനിറ്റി 6,000 മീറ്ററിലധികം ആഴത്തിൽ പ്രവർത്തിക്കാൻ കഴിവുള്ള ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകൾ വിന്യസിക്കും. ഏറ്റവും പുതിയ ശ്രമം വിമാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിൽ ഒന്നിന് ഉത്തരം നൽകുമോ എന്ന് ഉറപ്പില്ല, എങ്കിലും ഒരു പതിറ്റാണ്ടിലേറെയായി ഉത്തരങ്ങൾക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വസമാവുകയാണ് ഈ വാർത്ത.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്
ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്