
കൊളംബോ: ജനകീയ പ്രക്ഷോഭം ശക്തമായ ശ്രീലങ്കയിൽ ഏഷ്യാനെറ്റ് സംഘം എത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മനു ശങ്കറും ക്യാമറാമാൻ അക്ഷയും ആണ് ശനിയാഴ്ച രാത്രിയോടെ കൊളംബോയിൽ എത്തിയത്. ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗികവസതിയിൽ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം പ്രക്ഷോഭകരുമായി സംസാരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ തത്സമയം അറിയാനാവും.
ആയിരക്കണക്കിന് ആളുകളാണ് രാഷട്രപതിയുടെ ഔദ്യോഗിക കൊട്ടാരത്തിലും പുറത്ത് ഗോൾഫേസ് റോഡിലുമായി രാത്രിയിലും സജീവമായിട്ടുള്ളത്. പാട്ടും മുദ്രാവാക്യം വിളികളുമായി യുവാക്കളാണ് പ്രക്ഷോഭത്തിൻ്റെ മുൻനിരയിൽ. ഏഷ്യാനെറ്റ് ന്യൂസ് സംഘവുമായി സംസാരിച്ച എല്ലാവരിലും കണ്ടത് തെറ്റായ നയങ്ങളിലൂടെ രാജ്യം നശിപ്പിച്ച രജപക്സെ കുടുംബത്തോടുള്ള രോഷം. മുൻ നിശ്ചയിച്ച പോലെ നാളെ ഗോത്തബയ രാജിവച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധമുണ്ടാക്കും എന്ന മുന്നറിയിപ്പും എല്ലാവരും നൽകുന്നു.
നാലാം ദിവസവും കൊളംബോയിലെ പ്രസിഡൻ്റിൻ്റെ കൊട്ടരത്തിൽ പ്രക്ഷോഭകര്‍ തുടരുകയാണ് ഗോത്തബയ രാജപക്സെ നാളെ കൊളംബോയിൽ എത്തും എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടാരത്തിൽ നിന്നും ആളുകളെ നീക്കാൻ സൈന്യം ശ്രമം തുടങ്ങിയിട്ടുണ്ട്. കനത്ത തിരക്കാണ് കൊട്ടാരത്തിലേക്ക് പ്രവേശിക്കാൻ അനുഭവപ്പെടുന്നത്. ആഡംബരം നിറഞ്ഞ കൊട്ടാരം കാണാൻ ആളുകൾ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാനായത്.
അതേസമയം തനിക്കും കുടുംബത്തിനും രാജ്യത്ത് നിന്ന് സുരക്ഷിതമായി പുറത്തു കടക്കാൻ അവസരമൊരുക്കാതെ രാജിവയ്ക്കില്ലെന്ന് ഗോത്തബയ രാജപക്സെ നിലപാട് എടുത്തതായാണ് സൂചന. പ്രതിപക്ഷ നേതാക്കളുമായി ഗോത്തബയ ചര്‍ച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു ധാരണയിലെത്തിയിട്ടില്ലെന്നും വിവിധ ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് ദിവസം മുൻപാണ് ശ്രീലങ്കൻ പാര്‍ലമെൻ്റ സ്പീക്കര്‍ മഹിന്ദ യാപ അബേവർധനയുമായി സംസാരിച്ച രജപക്സെ ബുധനാഴ്ച രാജിവയ്ക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രസിഡൻ്റിൽ നിന്നും മറ്റൊരു പ്രതികരണവും ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.
മൂന്ന് ദിവസം മുമ്പ് രാഷ്ട്രപതി സ്പീക്കറുമായി സംസാരിച്ച് ബുധനാഴ്ച രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ, ബുധനാഴ്ചത്തെ രാജിയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. രാജി വയ്ക്കുന്നതിന് മുമ്പ് തനിക്കും കുടുംബത്തിനും രാജ്യം വിടാൻ സുരക്ഷിതമായ യാത്ര അനുവദിക്കണമെന്ന് രാജപക്‌സെ ആഗ്രഹിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ഇന്നലെ രാജ്യം വിടാൻ ശ്രമിച്ച മുൻ ശ്രീലങ്കൻ ധനമന്ത്രിയും ഗോത്തബയയുടെ ഇളയ സഹോദരനുമായ ബേസിൽ രജപക്സെയെ വിമാനത്താവളത്തിൽ വച്ച് തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം ഗോത്തബയ സ്വീകരിച്ചത് എന്നാണ് വിവരം. അതേസമയം നാളെ പ്രസിഡന്റ് രാജിവച്ചില്ലെങ്കിൽ കൊളംബോയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.