
വാഷിംഗ്‌ടൺ: അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ ഗ്വാണ്ടനാമോ തടവറയിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. രേഖകൾ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കും. മുപ്പതിനായിരം പേരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. മുമ്പ് ഭീകരരെ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണ് ക്യൂബയോട് ചേർന്നുള്ള ഗ്വാണ്ടനാമോ. ഡോണൾഡ് ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്ന് ആണ് ക്യൂബയുടെ പ്രതികരണം. കൊടും ഭീകരരേയും, കുപ്രസിദ്ധ തീവ്രവാദികളെയും പാർപ്പിച്ച ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തടവറയാണ്. ഭയാനകമായ ഗ്വാണ്ടനാമോ ബേയെ കുറിച്ചറിയാം,
എന്താണ് ഗ്വാണ്ടനാമോ ബേ
ലോകം കണ്ടതിൽവെച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികൾ നടപ്പാക്കാൻ അമേരിക്ക ഉപയോഗിക്കുന്ന തടങ്കൽ പാളയമാണ് ഗ്വാണ്ടനാമോ ബേ. 1903ലെ ഒരു ഉടമ്പടി പ്രകാരം, ഹവാനയിൽനിന്ന് പാട്ടത്തിനെടുത്ത തെക്കുകിഴക്കൻ ക്യൂബയിലെ തീര പ്രദേശത്തുള്ള യു എസ് നാവിക താവളത്തിൽ 2002 ജനുവരിയിലാണ് ഗ്വാണ്ടനാമോ ബേ സൈനിക ജയിൽ തുറക്കുന്നത്.
2001 സെപ്റ്റംബർ 11ലെ ആക്രമണത്തിന് ശേഷം അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഭരണത്തിന് കീഴിൽ ശത്രു പോരാളികൾ എന്ന് വിളിക്കപ്പെടുകയും യുഎസിന്റെ പല നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്ത തടവുകാരെ കൈകാര്യം ചെയ്യുന്നതിനായി തടങ്കലിന് വേണ്ടിയുള്ള സൗകര്യങ്ങൾ സജ്ജീകരിക്കുകയായിരുന്നു. തീവ്രവാദികളും, കുപ്രസിദ്ധ കുറ്റവാളികളുമടക്കം 800ലേറെ തടവുകാരാണ് ഗ്വാണ്ടനാമോ ബേയിലുണ്ടായിരുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്‍റുമാരായ ബരാക് ഒബാമയും ജോ ബൈഡനും ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും, ഈ നീക്കത്തെ കോൺഗ്രസ് എതിർക്കുകയായിരുന്നു. അതിനാൽ തന്നെ ഗ്വാണ്ടനാമോ ഇന്നും തുറന്നിരിക്കുന്നു.
കുടിയേറ്റക്കാരുടെ മുൻകാല തടവ്
പതിറ്റാണ്ടുകളായി അമേരിക്ക കടലിൽ പിടിച്ചുവെച്ച കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാൻ ഗ്വാണ്ടനാമോ സൈനിക താവളം ഉപയോഗിച്ചിരുന്നു. എന്നാൽ ഭീകരവാദം ആരോപിക്കപ്പെട്ടവരെ താമസിപ്പിച്ചിരിക്കുന്നത് ഗ്വാണ്ടനാമോയ്ക്കടുത്തുള്ള മറ്റൊരിടത്താണ്. ഇവിടെ തടഞ്ഞുവച്ചിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണം വളരെ കുറവാണ്. 2020 മുതൽ 2023 വരെ വെറും 37 കുടിയേറ്റക്കാർ മാത്രമാണ് ഇവിടെ തടവിലാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ട്രംപിൻ്റെ ഇപ്പോഴത്തെ പ്രഖ്യാപനത്തെത്തുടർന്ന് അത് ഗണ്യമായി വർദ്ധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇനിയുള്ളത് 15 തടവുകാർ
തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആരോപിച്ച് ഗ്വാണ്ടനാമോയിൽ 2002 മുതൽ ഏകദേശം 800 പേരെയാണ് തടവിലാക്കിയിരുന്നത്. ഇതിൽ നിരവധി തടവുകാരെ ജോ ബൈഡൻ ഭരണത്തിന്റെ അവസാനത്തിൽ തന്നെ തടങ്കലിൽ നിന്നും മോചിതരാക്കുകയും ചെയ്തിരുന്നു. നിലവിൽ തടങ്കലിൽ ആവേശിഷിക്കുന്നത് വെറും 15 പേർ മാത്രമാണ്. ഇവരിൽ മൂന്ന് പേരുടെ മോചനത്തിനുള്ള നടപടികൾ തുടരുകയാണ്. മറ്റ് 3 പേർ മോചനത്തിന് സാധ്യതയുള്ളവരുമാണ്. ഏഴ് പേർ കുറ്റാരോപിതരും, രണ്ട് പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു. തടവിലാക്കപ്പെട്ട 11 യെമനികളെ അടുത്തിടെ മോചിപ്പിച്ചിരുന്നു.
കുപ്രസിദ്ധ തടവുകാർ
2001ൽ സെപ്റ്റംബർ 11ന് നടന്ന തീവ്രവാദി ആക്രമണത്തിന്‍റെ സൂത്രധാരന്മാരായ നിരവധി പ്രതികളെ ഗ്വാണ്ടനാമോയിൽ പാർപ്പിച്ചിട്ടുണ്ട്. അവരിൽ സ്വയം പ്രഖ്യാപിത സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദും ഉണ്ട്. 2000-ൽ യു.എസ്.എസ് കോളിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ എന്ന് അറിയപ്പെടുന്ന അബ്ദുൽ റഹീം അൽ-നഷിരിയും തടവുകാരിൽ ഉൾപ്പെടുന്നു. 2002ൽ പിടികൂടിയ അബ്ദുൽ റഹീമിനെ 2006ൽ ഗ്വാണ്ടനാമോ യിലേക്ക് മാറ്റുകയായിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങൾ
നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന ഗ്വാണ്ടനാമോ ബേയിൽ നിന്ന് ഉയർന്നുവരുന്ന വിവാദങ്ങളിൽ ഒന്നാണ് ഭക്ഷണം നിരസിക്കുന്ന തടവിലുള്ളവരെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന രീതി. ആവശ്യമായ ഒന്നാണ് അതെന്ന് യുഎസ് സൈന്യം ന്യായീകരിച്ചിരുന്നു. എന്നാൽ അത് കടുത്ത മനുഷ്യാവകാശ ലംഘനവും പീഡനവുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. 'Enternal Feeding' എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയയിൽ തടവിലാക്കപ്പെട്ടവരുടെ മൂക്കിലേക്കും വയറിലേക്കും ട്യൂബ് കുത്തി തിരുകി പമ്പ് ചെയ്താണ് ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നത്. നിഗൂഢതകളേറെയുള്ള ഗ്വാണ്ടനാമോ ട്രംപിന്റെ പുതിയ നീക്കത്തോടെ വീണ്ടും ചർച്ചയാവുകയാണ്.