
വാഷിങ്ടണ്‍: പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും മറ്റുള്ളവരെയും നാടുകടത്തുമെന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ് പൗരന്മാരല്ലാത്ത വിദ്യാർത്ഥികളെ നാട് കടത്തുമെന്നാണ് ഉത്തരവിൽ പറയുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
'അമേരിക്കയിലെ ജൂതന്മാർക്കെതിരായ തീവ്രവാദ ഭീഷണികൾ, അക്രമം എന്നിവയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും. 2023 ഒക്‌ടോബർ 7ലെ ഇസ്രയേലിനെതിരായ ഹമാസ് ആക്രണത്തിന് ശേഷം കാമ്പസുകളിലും തെരുവുകളിലുമുണ്ടായ യഹൂദ വിരുദ്ധത ചെറുക്കും. ജിഹാദി അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാ വിദേശികളെയും ഞങ്ങൾ അറിയിക്കുന്നു. 2025 ൽ ഞങ്ങൾ നിങ്ങളെ കണ്ടെത്തും, ഞങ്ങൾ നിങ്ങളെ നാടുകടത്തും"- എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
എല്ലാ ഹമാസ് അനുഭാവികളുടെയും സ്റ്റുഡന്‍റ് വിസ താൻ അതിവേഗത്തിൽ റദ്ദാക്കുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. അതേസമയം ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് തീരുമാനമെന്ന് രാജ്യത്തിനുള്ളിലെ മനുഷ്യാവകാശ സംഘടനകൾ വിമർശനമുയർത്തുന്നുണ്ട്.
രാഷ്ട്രീയ നയങ്ങളുടെ അടിസ്ഥാനത്തിൽ, പൗരന്മാരല്ലാത്തവരെ നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സീനിയർ സ്റ്റാഫ് അറ്റോർണി കാരി ഡിസെൽ പറഞ്ഞു. അമേരിക്കൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ പൗരന്മാർ ഉൾപ്പെടെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാവർക്കും ഭരണഘടന സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ - ഇസ്‌ലാമിക് റിലേഷൻസ് കൗൺസിൽ അറിയിച്ചു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് ശേഷം അമേരിക്കയിലെ ക്യാമ്പസുകളിൽ മാസങ്ങൾ നീണ്ട പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുണ്ടായി. പലസ്തീൻ അനുകൂലികൾക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. നടപ്പാക്കേണ്ട സിവിൽ, ക്രിമിനൽ നടപടി ക്രമങ്ങളെ കുറിച്ച് 60 ദിവസത്തിനുള്ളിൽ വൈറ്റ് ഹൗസിന് ശുപാർശ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam