അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു, ഭാര്യക്കും മകനും പരിക്ക്

Published : Dec 23, 2022, 09:29 AM IST
അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു, ഭാര്യക്കും മകനും പരിക്ക്

Synopsis

അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം

ദില്ലി: അമേരിക്ക മെക്സിക്കോ അതിർത്തിയിലുള്ള കൂറ്റൻ മതിലിൽ നിന്ന് താഴെ വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശി ബ്രിജ് കുമാർ യാദവാണ് മരിച്ചത്. 30 അടി മുകളിൽ നിന്നും താഴേക്ക് വീണ ബ്രിജ് കുമാർ യാദവിന്റെ ഭാര്യക്കും മൂന്നു വയസ്സുള്ള മകനും ഗുരുതരമായി പരിക്കേറ്റു.

ഗുജറാത്തിലെ കലോലിൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇവിടെ വെച്ച് പരിചയപ്പെട്ട ഏജന്റ് മുഖേനയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. മകനെയും എടുത്തുകൊണ്ടാണ് യാദവ് ട്രംപ് വാൾ എന്നറിയപ്പെടുന്ന കൂറ്റൻ കോൺക്രീറ്റ് മതിൽ കടക്കാൻ ശ്രമിച്ചത്. മെക്സിക്കോയിലെ ടിജുവാനയിൽ നിന്ന് അമേരിക്കയിലെ സാൻഡിയാഗോയിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാൽ മതിലിന് മുകളിലെത്തിയ യാദവ് മെക്സിക്കോ ഭാഗത്തേക്കും ഭാര്യ അമേരിക്ക ഭാഗത്തേക്കും വീണു. കുഞ്ഞിന്റെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം.

ബുധനാഴ്ച 40 ഓളം പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇവരിലൊരാൾ ബ്രിജ് കുമാർ യാദവിന്റെ ബന്ധുവായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് മെക്സിക്കൻ പൊലീസ് സ്ഥലത്തെത്തി. കുഞ്ഞ് മെക്സിക്കോയിലും അമ്മ അമേരിക്കയിലുമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. സ്ത്രീക്ക് ശരീരത്തിലെ ഒന്നിലേറെ എല്ലുകൾക്ക് പൊട്ടലുണ്ടെന്നാണ് വിവരം.

PREV
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം