മിഡില്‍ ഈസ്റ്റ് യുദ്ധം കാരണം ഇന്ധനവിതരണം തടസപ്പെട്ടതോടെ പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ധനം ലാഭിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായി സ്‌കൂളുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് നാലാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
മിഡില്‍ ഈസ്റ്റ് യുദ്ധം കാരണം ഇന്ധനവിതരണം തടസപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് പാകിസ്ഥാൻ. ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷങ്ങള്‍ ഊര്‍ജ്ജ വിതരണത്തെ ബാധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന നിയന്ത്രണങ്ങള്‍:
സ്‌കൂളുകള്‍ക്ക് അവധി: അടുത്ത ആഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടും. സര്‍വ്വകലാശാലകളിലെ ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കും. പ്രവൃത്തി ദിനങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. കാബിനറ്റ് മന്ത്രിമാര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം നല്‍കില്ലെന്നും പ്രഖ്യാപനം. ചെലവ് ചുരുക്കലിന്റെ ഭആഗമായി അടുത്ത രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ ചെലവുകള്‍ 20% വെട്ടിക്കുറയ്ക്കും. കൂടാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറയ്ക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പകുതി പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ നല്‍കുന്നവര്‍ക്ക് ഇത് ബാധകമല്ല. അനാവശ്യമായ ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ വക സെമിനാറുകളും കോണ്‍ഫറന്‍സുകളും ഇനി ഹോട്ടലുകള്‍ക്ക് പകരം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തന്നെ നടത്തുമെന്നും പ്രഖ്യാപനം.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസവും ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ വിതരണം തടസപ്പെട്ടതും പാകിസ്ഥാനെ സാരമായി ബാധിച്ചു. ക്രൂഡ് ഓയില്‍, എല്‍എന്‍ജി തുടങ്ങിയ ഇന്ധന ആവശ്യങ്ങള്‍ക്കായി പാകിസ്ഥാൻ പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.
ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്നത് രാജ്യത്ത് ഇന്ധനവില കുതിച്ചുയരാനും വിലക്കയറ്റത്തിനും കാരണമാകും. ഇത് പാക് രൂപയുടെ മൂല്യം ഇടിയാനും വഴിവെക്കും. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര ബാങ്ക് കഴിഞ്ഞ ദിവസം പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ ദേശീയ ആവശ്യങ്ങള്‍ക്കുള്ള നാലാഴ്ചത്തെ ഇന്ധനം മാത്രമേ രാജ്യത്ത് സ്റ്റോക്കുള്ളൂ എന്നാണ് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ അറിയിച്ചത്. ഇതിനിടെ രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വിതരണം വെട്ടിക്കുറച്ചു തുടങ്ങിയിട്ടുണ്ട്.
പഴയ പ്രതിസന്ധിയുടെ ഓര്‍മ്മകള്‍
നാല് വര്‍ഷം മുന്‍പും സമാനമായ ഊര്‍ജ്ജ പ്രതിസന്ധി പാകിസ്ഥാൻ നേരിട്ടിരുന്നു. അന്ന് ഏര്‍പ്പെടുത്തിയ വ്യാപകമായ പവര്‍കട്ടുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തിയിരുന്നു. ഐ.എം.എഫ് വായ്പകളിലൂടെയാണ് രാജ്യം പിന്നീട് സാമ്പത്തിക നില മെച്ചപ്പെടുത്തിയത്. 2025 ജൂലായില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തില്‍ 4.2% വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.


