H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം, കൂടുതൽ യോഗ്യത ഉള്ളവർക്ക് മുൻഗണന

Published : Sep 24, 2025, 06:47 AM IST
Donald Trump

Synopsis

നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം. പകരം, കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണന നൽകുന്ന വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പിലാക്കാനാണ് ആലോചന.

വാഷിംങ്ടൺ: എച്ച് 1 ബി വിസ വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. പകരം, കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണന നൽകുന്ന വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പിലാക്കാനാണ് ആലോചന. ഇതിനായി നാല് പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകരെ നാല് തവണ വിസക്കായി പരിഗണിക്കും. കുറഞ്ഞ വേതനം ലഭിക്കുന്നവരെ ഒരു തവണ മാത്രമായിരിക്കും പരിഗണിക്കുക. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും ഇത് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ.

അതേസമയം, എച്ച് 1 ബി വിസ ഫീസ് ഉയര്‍ത്തിയതില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും അമേരിക്ക ഇളവ് നല്‍കിയേക്കും എന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സിനെ ഉദ്ധരിച്ച് ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമേഖലയില്‍ രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷ്യമിട്ടാണ് ഇളവ് പരിഗണിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യം കൂടിയാണ് അമേരിക്ക. ആരോഗ്യമേഖലയില്‍ ഉടലെടുത്ത ആശങ്ക കൂടി കണക്കിലെടുത്താണ് യുഎസിന്‍റെ മനം മാറ്റം. എച്ച് 1 ബി വിസ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്തി കഴിഞ്ഞയാഴ്ച്ചയാണ് പ്രസി‍ഡന്‍റ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. പുതിയ അപേക്ഷകരെ മാത്രമാണ് വര്‍ധന ബാധിക്കുകയെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞു. വിദേശകാര്യ മന്ത്രി ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റുബിയോയുടെ പ്രസ്താവന. ചർച്ചകൾ ഫലപ്രദമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എന്താണ് H1B വിസ?

വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്ക് ആണ്.

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും