
ഗാസ: ഹമാസ് സുരക്ഷാ സേനയും ആയുധ ധാരികളായ ഗോത്ര അംഗങ്ങളും തമ്മിൽ ഗാസ സിറ്റിയിലുണ്ടായ അക്രമത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷമുള്ള വലിയ രീതിയിലുള്ള സംഘർഷമാണ് ഗാസയിലുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവയ്പുണ്ടായത്. ജോർദ്ദാനിയൻ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മുഖം മൂടി ധാരികളായ ഹമാസ് സൈനികർ ഗോത്ര അംഗങ്ങൾക്ക് നേരെ വെടിയുതിർത്തത്. ആയുധധാരികളായ ഗോത്ര സംഘത്തെ പിടികൂടിയെന്നാണ് ഹമാസ് ആഭ്യന്തരമന്ത്രാലയ പ്രതിനിധി വിശദമാക്കിയതെന്നാണ ബിബിസി അടക്കമുള്ള അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസ് സുരക്ഷാ സേനയിലെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വിശദമാക്കുന്നത്. ഡഗ്മഷ് ഗോത്രത്തിലെ 19 പേർ കൊല്ലപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് അക്രമം നടന്നത്. തെക്കൻ ഗാസാ സിറ്റിയിലെ ടെൽ അൽ ഹവാ മേഖലയിൽ വച്ചാണ് വെടിവയ്പുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലുള്ളവരുടെ അധീനതയിലുള്ള ജനവാസ മേഖലയിലേക്ക് മൂന്നൂറിലേറെ ഹമാസ് സുരക്ഷാ സേനാംഗങ്ങൾ ഇരച്ചെത്തിയെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേൽ ആക്രമണത്തിൽ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പോവേണ്ടി വന്ന നിരവധി പേർ ഈ മേഖലയിലുണ്ടായിരുന്നു. ഇത്തവണ ഇസ്രയേൽ ആക്രമണത്തിൽ നിന്നല്ല രക്ഷപ്പെടേണ്ടി വരുന്നത് മറിച്ച് സ്വന്തം ആളുകളുടെ ആക്രമണത്തിൽ നിന്നാണ് ദൃക്സാക്ഷികളിലൊരാൾ ബിബിസിയോട് പ്രതികരിച്ചത്. ഗാസയിലെ ശക്തമായ ഗോത്രങ്ങളിലൊന്നാണ് ഡഗ്മഷ് ഗോത്രം. ഈ ഗോത്രവുമായി ഹമാസിന് ഏറെക്കാലത്തെ സംഘർഷം നിലനിൽക്കുന്നുണ്ട്. ആയുധധാരികളായ ഗോത്ര അംഗങ്ങളുമായി നേരത്തെയും പല തവണ ഹമാസ് സുരക്ഷാ സേന ഏറ്റുമുട്ടിയിട്ടുണ്ട്. ഭരണ പൂനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലുണ്ടായ അക്രമം ആയാണ് സംഭവത്തേക്കുറിച്ച് ഹമാസ് ആഭ്യന്തര മന്ത്രാലയം പ്രതികരിക്കുന്നത്. ആയുധധാരികളായ എതിർത്തുനിൽപ്പുകളെ ചെറുക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകുന്നത്. ശനിയാഴ്ച നടന്ന അക്രമണത്തിൽ ഇരുപക്ഷവും പരസ്പരം പഴി ചാരുകയാണ് ചെയ്യുന്നത്. നേരത്തെ ഡഗ്മഷ് ഗോത്രാംഗങ്ങൾ രണ്ട് ഹമാസ് സേനാംഗങ്ങളെ കൊലപ്പെടുത്തുകയും അഞ്ച് പേരെ ആക്രമിക്കുകയും ചെയ്തുവെന്നാണ് ഹമാസ് നേരത്തെ ആരോപിച്ചിരുന്നത്. ഇതിനെതിരായ നടപടിയാണ് ശനിയാഴ്ച നടന്നതെന്നാണ് ഹമാസ് വാദം.
എന്നാൽ ജോർദ്ദാനിയൻ ആശുപത്രിയായി മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു ഡഗ്മഷ് ഗോത്രാംഗങ്ങൾ അഭയം തേടിയിരുന്നതെന്നും ഇവിടേക്ക് ഹമാസ് ആക്രമണം നടന്നുവെന്നുമാണ് ഡഗ്മഷ് ഗോത്രം ആരോപിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ അൽ സബ്ര മേഖലയിലെ ഗോത്രാംഗങ്ങളുടെ താമസ സ്ഥലങ്ങൾ പൂർണമായി തകർന്നതോടെയാണ് മുൻ ആശുപത്രി കെട്ടിടത്തിൽ അഭയം തേടിയതെന്നാണ് ഡഗ്മഷ് ഗോത്രം വിശദമാക്കുന്നത്. പുതിയ താവളം രൂപീകരിക്കാനായി ഗോത്രാംഗങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഗോത്രത്തിലെ മുതിർന്നവർ ആരോപിര്രുന്നത്. ഇസ്രയേൽ സേന പിന്മാറ്റം തുടങ്ങിയതിന് പിന്നാലെ 7000ത്തിലേറെ സൈനികരെയാണ് ഹമാസ് അധികാര പുനസ്ഥാപിക്കലിനായി ഗാസയിൽ വിന്യസിച്ചിരിക്കുന്നത്. നിരവധി ജില്ലികളിൽ സാധാരണക്കാരേപ്പോലെയും യൂണിഫോം ധരിച്ചുമാണ് ഹമാസ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam