
കെയ്റോ: ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്‍റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേൽ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിർ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിൽ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ ഭീഷണി മുഴക്കി. തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെൻ ഗ്വിർ, ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. സമാധാന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ബെൻ ഗ്വിറിന്‍റെ ഭീഷണിക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെയും ബെന്‍ ഗ്വിര്‍ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിന്‍റെ പേരിൽ വിമർശനം നേരിട്ടിട്ടുണ്ട്.
സമാധാന കരാറുമായി ബന്ധപ്പെട്ട് ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ പിന്മാറ്റത്തിനുള്ള അതിർത്തി രേഖ ഇസ്രായേൽ അംഗീകരിച്ചതായും ഇത് ഹമാസ് അംഗീകരിച്ചാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും, ഹമാസ് വേഗത്തിൽ പ്രതികരിച്ചില്ലെങ്കിൽ "എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും" ട്രംപ് കൂട്ടിച്ചേർത്തു. ഇസ്രായേൽ താത്കാലികമായി ബോംബാക്രമണം നിർത്തിവെച്ചത് സമാധാന കരാറിനും ബന്ദി മോചനത്തിനും അവസരം നൽകാനാണെന്നും ട്രംപ് വിവരിച്ചു. ട്രംപിൻ്റെ 20 ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഈജിപ്തിൻ്റെ മധ്യസ്ഥതയിലാണ് ഹമാസ്-ഇസ്രായേൽ സമാധാന ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചെങ്കിലും, പൂർണ്ണമായും നിരായുധീകരിക്കുന്നതുൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam