'സമ്പൂർണമായി അധികാരം ഒഴിഞ്ഞിരിക്കണം, ഇല്ലെങ്കിൽ ഉന്മൂലനം ചെയ്തിരിക്കും', സമാധാന ചർച്ച തുടങ്ങും മുന്നേ ഹമാസിന് ട്രംപിന്‍റെ അന്ത്യശാസനം

Published : Oct 06, 2025, 12:01 AM IST
trump watch

Synopsis

ഹമാസ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, ട്രംപ് ഭരണകൂടം കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്. അങ്ങനെയെങ്കിൽ ഗാസയിലെ സംഘർഷം കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല

വാഷിംഗ്ടൺ: ഗാസയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് നിർദ്ദേശങ്ങളും അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുമാണ്. ഇസ്രയേൽ ആദ്യം തന്നെ അംഗീകരിച്ച ട്രംപിന്‍റെ നിർദ്ദേശങ്ങൾക്ക് മേൽ ചർച്ചക്ക് ഹമാസ് തയ്യാറായതോടെ പ്രതീക്ഷകളുടെ പച്ചകൊടിയാണ് ലോകം കാണുന്നത്. ഈജിപ്തിൽ അമേരിക്കൻ - ഇസ്രയേൽ - ഹമാസ് പ്രതിനിധികൾ ചർച്ചക്ക് തയ്യാറായി എത്തുന്നതും വലിയ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. എന്നാൽ ചർച്ചകൾ തുടങ്ങുന്നതിന് മുന്നേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാൽ അവരെ ഉന്മൂലനം ചെയ്യുമെന്നാണ് ട്രംപിന്‍റെ പുതിയ ഭീഷണി. 'ഗാസയിൽ നിന്നും ഹമാസ് സമ്പൂ‍ർണമായി അധികാരം ഒഴിയണം, അല്ലാത്ത പക്ഷം ഹമാസിനെ തുടച്ചുനീക്കും' - എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹമാസ് അധികാരത്തിൽ തുടരുമെന്ന് നിർബന്ധം പിടിച്ചാൽ എന്ത് സംഭവിക്കുമെന്ന സി എൻ എൻ റിപ്പോർട്ടർ ജെയ്ക്ക് ടാപ്പർ ടെക്സ്റ്റ് സന്ദേശത്തിലൂടെ ചോദിച്ചപ്പോളായിരുന്നു ട്രംപ്, അന്ത്യശാസനം മുഴക്കിയത്.

സമാധാന ചർച്ചകളിൽ ആശങ്ക

ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചുനീക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലിനെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും സംരക്ഷിക്കുന്ന നിലപാടും ട്രംപ്, സി എൻ എൻ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി നൽകി. ഇസ്രയേൽ ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഗാസയുടെ നിയന്ത്രണവും അധികാരവും ഹമാസ് ഉപേക്ഷിക്കാത്തപക്ഷം അവർ 'പൂർണ നാശം' നേരിടേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. ഹമാസ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, ട്രംപ് ഭരണകൂടം കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്. അങ്ങനെയെങ്കിൽ ഗാസയിലെ സംഘർഷം കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സമാധാന നീക്കങ്ങൾക്കിടെ ഇസ്രയേൽ മന്ത്രിയുടെ ഭീഷണി

അതേസമയം ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേൽ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിർ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിൽ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ ഭീഷണി മുഴക്കി. തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെൻ ഗ്വിർ, ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. സമാധാന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ബെൻ ഗ്വിറിന്‍റെ ഭീഷണിക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെയും ബെന്‍ ഗ്വിര്‍ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിന്‍റെ പേരിൽ വിമർശനം നേരിട്ടിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?