
അൻസോട്ടെഗി: അതിശക്തമായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിന്റെ ആഘാതത്തിൽ നിന്ന് വെനസ്വേല ഇനിയും മുക്തമായിട്ടില്ല. മഹാദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് ഇപ്പോൾ ഹന്തവൈറസ് ബാധയുടെ പുതിയ ഭീഷണി രാജ്യത്ത് ഉയർന്നിരിക്കുന്നത്. രോഗബാധയെ തുടർന്ന് മൂന്ന് പേർ ഇതിനോടകം മരിച്ചതായി വെനസ്വേല ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കിഴക്കൻ വെനസ്വേലൻ സംസ്ഥാനമായ അൻസോട്ടെഗിയിലെ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് ഹന്തവൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതിന് പുറമെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാരിനാസിൽ രണ്ട് സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ മരിച്ച സംഭവത്തിലും ഹന്തവൈറസ് ബാധ സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഭൂകമ്പത്തിന് ശേഷം രാജ്യം നേരിടുന്ന ഗുരുതരമായ ആരോഗ്യ-ശുചിത്വ വെല്ലുവിളികൾക്കിടയിലാണ് വൈറസിന്റെ സാന്നിധ്യം വെല്ലുവിളിയാകുന്നത്.
എലികൾ ഉൾപ്പെടെ കരണ്ടുതീനി ജീവികളിൽ നിന്നാണ് ഹന്തവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഇവയുടെ മൂത്രം, വിസർജ്ജനം, ഉമിനീര് എന്നിവ കലർന്ന വായുവിലെ അണുക്കൾ ശ്വസനത്തിലൂടെ ഉള്ളിലെത്തുന്നതാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കഠിനമായ പനി, ശ്വാസതടസ്സം, ശ്വാസകോശ തകരാറുകൾ, ആന്തരിക രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ നിലയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ലെങ്കിലും, രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വ പരിശോധനകളും ആരോഗ്യ മന്ത്രാലയം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭൂകമ്പ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് പുനരധിവാസ ക്യാമ്പുകളിലും താൽക്കാലിക അഭയകേന്ദ്രങ്ങളിലും കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾക്കിടയിലേക്ക് ഇത്തരം പകർച്ചവ്യാധികൾ പടരുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ. കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും ശുചിത്വക്കുറവുള്ള പ്രദേശങ്ങളിലും എലികളുടെ സാന്നിധ്യം വർദ്ധിക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെക്കുന്നു. നിലവിലെ സാഹചര്യം നേരിടാൻ അടിയന്തര മുൻകരുതലുകൾ സ്വീകരിക്കാൻ ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam