ആഡംബര ക്രൂസ് കപ്പലിലെ 3 പേരുടെ മരണത്തിന് കാരണം ഹാന്‍റാ വൈറസ് അണുബാധ, വൈറസ് പടർത്തുന്നത് എലി; ചികിത്സ വൈകിയാൽ മരണം ഉറപ്പ്

Published : May 05, 2026, 05:15 PM IST
cruise ship

Synopsis

ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരുമായി യാത്ര ചെയ്തിരുന്ന ആഡംബര കപ്പലിൽ 7 ഹാന്‍റാ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാൾ അതീവ ഗുരുതരാവസ്ഥയിലുമാണെന്നും 3 പേർ നേരിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

ആംസ്റ്റര്‍ഡാം: നെതർലാന്‍റ്സ് ആസ്ഥാനമായുള്ള ആഡംബര ക്രൂസ് കപ്പലിൽ മൂന്ന് ജീവനക്കാരുടെ മരണത്തിന് പിന്നിൽ ഹാന്‍റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലുണ്ടായിരുന്ന നാല് പേരെ ഗുരുതവാസ്ഥയിൽ ജോഹന്നാസ്‌ബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർന്നുനടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്‍റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരുമായി യാത്ര ചെയ്തിരുന്ന ആഡംബര കപ്പലിൽ 7 ഹാന്‍റാ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന തിങ്കളാഴ്ച്ച വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2026 മെയ് 4 വരെ, ഏഴ് ഹാന്റാവൈറസ് കേസുകൾ സ്ഥിരീകരിച്ചതായും ഇതിൽ മൂന്നുപേർ മരിച്ചതായും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ഒരാൾ അതീവ ഗുരുതരാവസ്ഥയിലുമാണെന്നും മൂന്ന് പേർ നേരിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്ലാന്‍റിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെയ്ക്കടുത്താണ് ആഡംബര ക്രൂസ് കപ്പൽ ഉണ്ടായിരുന്നത്.

എന്താണ് ഹാന്‍റാ വൈറസ്?

എലികളാണ് ഹാന്റാവൈറസ് പടർത്തുന്നത്. ഭക്ഷ്യധാന്യങ്ങളിലൂടെയും മറ്റും എലികളിൽ നിന്നും പടരുന്ന ഒരു വൈറസ് രോഗമാണ് ഹാൻറാ വൈറസ്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പർശിക്കുകയോ, അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റാ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്‍റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിൻ്റെ മരണനിരക്ക് ഏകദേശം 40% ആണ്.

രോഗബാധയേറ്റാൽ സാധാരണയായി ഒന്ന് മുതൽ 8 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. സാധാരണ പനിക്കുസമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീര വേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ശക്തമായ പേശി വേദന (പ്രത്യേകിച്ച് നടുവ്, തുട, തോളുകൾ എന്നിവിടങ്ങളിൽ) അനുഭവപ്പെടും. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും. ഹാൻറാ വൈറസിന് നിലവിൽ പ്രത്യേക വാക്സിനുകളോ ചികിത്സയോ ലഭ്യമല്ല എന്നത് മരണ നിരക്ക് കൂടാൻ കാരണമാകും.

പ്രതിരോധ മാർഗ്ഗങ്ങൾ

വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം. എലികളെ നിയന്ത്രിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികൾ വരാൻ സാധ്യതയുള്ള മാളങ്ങളും വിടവുകളും അടയ്ക്കുക. ഭക്ഷണസാധനങ്ങൾ എലികൾക്ക് എത്താൻ കഴിയാത്ത വിധം അടച്ചുസൂക്ഷിക്കുക. എലിവിസർജ്യം വൃത്തിയാക്കുമ്പോൾ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക. ബ്ലീച്ചിങ് പൗഡറോ അണുനാശിനിയോ ഉപയോഗിച്ച് പ്രദേശം വൃത്തിയാക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് കടക്കാൻ എല്ലാ കപ്പലുകൾക്കും അനുമതി നിർബന്ധമെന്ന് ഇറാൻ, 'അമേരിക്ക സിവിലിയൻ ബോട്ടുകളെ ആക്രമിച്ചു'
അപകടം പിടിച്ച റൺവേ, ലാൻഡിംഗിനിടെ വിമാനം തട്ടിയത് വിളക്കുകാലിൽ, ഇരുമ്പ് തൂൺ പതിച്ചത് സമീപത്ത് റോഡിലെ ട്രെക്കിലേക്ക്