
ലാഹോർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാക് പൗരനായ യുവാവിനെ വിവാഹം കഴിച്ച യുവതിയെ ഉപദ്രവരിക്കരുതെന്ന് പാക്കിസ്താൻ കോടതി. മുസ്ലിമായ യുവാവിനെ വിവാഹം ചെയ്യാൻ ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ സിഖ് യുവതിയെ ഉപദ്രവിക്കുന്നത് നിർത്തണമെന്നാണ് ലാഹോര്‍ ഹൈക്കോടതി പോലീസിനോട് ഉത്തരവിൽ നിര്‍ദേശിച്ചു. ലാഹോർ ഹൈക്കോടതി ജസ്റ്റിസ് ഫാറൂഖ് ഹൈദർ ആണ് ഈ സുപ്രധാന ഉത്തരവിട്ടത്. ഈ മാസം ആദ്യം ഗുരു നാനാക്കിൻ്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുക്കാൻ വാഗാ അതിർത്തി വഴി ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയ 2,000 സിഖ് തീർത്ഥാടകരിൽ ഒരാളായിരുന്നു സരബ്ജീത് കൗർ (48).
നവംബർ 13 ന് തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങിയെങ്കിലും കൗറിനെ കാണാതായി. നവംബർ 4ന് പാകിസ്ഥാനിൽ എത്തി തൊട്ടടുത്ത ദിവസം തന്നെ ലാഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര ജില്ലയിലെ നാസിർ ഹുസൈനെ കൗർ വിവാഹം കഴിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചു. തീർത്ഥാടകർ നങ്കാന സാഹിബിലേക്ക് പോയപ്പോൾ കൗർ ഹുസൈനൊപ്പം ഷെയ്ഖുപുരയിലേക്ക് പോവുകയായിരുന്നു. പൊലീസ് തങ്ങളുടെ വീട്ടിൽ നിയമവിരുദ്ധമായി റെയ്ഡ് നടത്തുകയും വിവാഹം നിര്‍ത്താൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തെന്ന് കാണിച്ച് കൗറും ഹുസൈനും ചൊവ്വാഴ്ച ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകി. പരിഗണിച്ച ജസ്റ്റിസ് ഫാറൂഖ് ഹൈദർ ഹർജിക്കാരെ ഉപദ്രവിക്കരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. വിവാഹം നിര്‍ത്തിവയ്ക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ തങ്ങളോട് ആവശ്യപ്പെടുകയും അനാവശ്യമായി ഉപദ്രവിക്കുകയും ചെയ്തു. ഭർത്താവ് പാകിസ്താൻ പൗരനാണ്, തന്റെ വിസാ കാലാവധി നീട്ടാനും പാകിസ്താൻ പൗരത്വം നേടാനുമായി ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ടെന്ന് കൗർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ, തനിക്ക് ഒമ്പത് വർഷമായി ഫേസ്ബുക്ക് വഴി ഹുസൈനെ അറിയാമെന്ന് കൗർ പറയുന്നു. "ഞാൻ വിവാഹബന്ധം വേർപെടുത്തിയ വ്യക്തിയാണ്, ഹുസൈനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്," അവർ പറഞ്ഞു. നിക്കാഹിന് മുമ്പ് കൗറിന് നൂർ എന്ന മുസ്ലീം പേര് നൽകി. താൻ സന്തോഷവതിയാണെന്നും, പൊലീസും അജ്ഞാതരും ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൗർ ഇന്ത്യയിലെ കപൂർത്തല ജില്ലയിലെ അമനിപ്പൂർ സ്വദേശിയാണ്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. പഞ്ചാബ് സംസ്ഥാന പോലീസ് ഇവരുടെ തിരോധാനം അന്വേഷിച്ചു വരികയാണ്.