ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു; പാകിസ്ഥാനില്‍ സമരം

By Web TeamFirst Published Apr 19, 2019, 12:08 PM IST
Highlights

19 വയസ്സുള്ള നൈന എന്ന പെണ്‍കുട്ടിയെ താഹിര്‍ താമ്രി എന്നയാള്‍ പിതാവിന്‍റെയും സഹോദരങ്ങളുടെയും സഹായത്തോടെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. 

ഇസ്ലാമാബാദ്: ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയെന്നാരോപിച്ച് പാകിസ്ഥാനില്‍ ഹിന്ദു വിഭാഗക്കാരുടെ സമരം. പെണ്‍കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി സമരം നടക്കുന്നത്. പഞ്ചാബ് പ്രവിശ്യയില റഹിം യാര്‍ ഖാനിലാണ് സംഭവം.  19 വയസ്സുള്ള നൈന എന്ന പെണ്‍കുട്ടിയെ താഹിര്‍ താമ്രി എന്നയാള്‍ പിതാവിന്‍റെയും സഹോദരങ്ങളുടെയും സഹായത്തോടെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാര്‍ച്ച് 13നാണ് പെണ്‍കുട്ടിയെ കണാതായത്. 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച് കറാച്ചിയില്‍ താമസിപ്പിക്കുന്നുവെന്നാണ് പിതാവ് രഘുറാമിന്‍റെ ആരോപണം. ഇവരുടെ വിവാഹ ചടങ്ങിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇവര്‍ ഹൈവേ ഉപരോധിച്ചിരുന്നു. 

നീതി ലഭിച്ചില്ലെങ്കില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്താനും തിരികെയെത്തിക്കാനും പൊലീസ് സംഘത്തെ കറാച്ചിയിലേക്കയച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസം സിന്ധില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചെന്ന് ആരോപണമുണ്ടായിരുന്നു.

click me!