പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതായി റിപ്പോര്‍ട്ട്

By Web TeamFirst Published Dec 30, 2020, 9:10 PM IST
Highlights

ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ക്ഷേത്രത്തിനകത്തേക്ക് തീ കത്തിച്ച് എറിയുന്നതായും ദൃശ്യങ്ങളില്‍ കാണാം.
 

അമൃത്സര്‍: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയില്‍ ആള്‍ക്കൂട്ടം ഹിന്ദു ക്ഷേത്രം തകര്‍ത്തതായി റിപ്പോര്‍ട്ട്. പ്രദേശത്തെ മുസ്ലിം പുരോഹിതന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകര്‍ത്തതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ക്ഷേത്രത്തിനകത്തേക്ക് തീ കത്തിച്ച് എറിയുന്നതായും ദൃശ്യങ്ങളില്‍ കാണാം.

സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇത്തിഷാം അഫ്ഗാന്‍ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ എങ്ങനെയാണ് പരിഗണിക്കുന്നുവെന്നതിന്റെ തെളിവാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് പാകിസ്ഥാന്‍ തെഹരീക് പാര്‍ട്ടി നേതാവ് ലാല്‍ ചന്ദ് മാല്‍ഹി പ്രതികരിച്ചു. പൊലീസുമായി സംസാരിച്ചെന്നും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നില്‍ മൗലാന ഷരീഫ് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇസ്ലാമാബാദില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മ്മിക്കാന്‍ രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
 

click me!