ഹിന്ദു യുവതിയെ വിവാഹ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റി

By Web TeamFirst Published Jan 27, 2020, 9:09 AM IST
Highlights

ഹിന്ദു യുവതിയെ വിവാഹ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റി.

ഇസ്ലാമാബാദ്: ഹിന്ദു യുവതിയെ വിവാഹ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് 24കാരിയായ യുവതിയെ ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയത്.

സിന്ധ് പ്രവിശ്യയിലെ ഹലയില്‍ വെച്ച് യുവതി ഹിന്ദു മതാചാരപ്രകാരം വിവാഹിതയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം അക്രമികള്‍ ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് യുവതിയുടെ പിതാവ് കിഷോര്‍ ദാസ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഷാ റുഖ് ഗുല്‍ എന്നയാളാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നും പിന്നീട് ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ച് ഇസ്‍‍ലാം മതത്തിലേക്ക് മാറ്റുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. പിന്നീട് യുവതിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഇവരെ മതംമാറ്റിയതിന്‍റെയും  ഷാ റുഖ് ഗുലുമായി വിവാഹം നടന്നതിന്‍റെയും രേഖകള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

രേഖകള്‍ പ്രകാരം 2019 ഡിസംബര്‍ ഒന്നിന് യുവതി മതംമാറിയതായും പുതിയ പേര് സ്വീകരിച്ചതായുമാണ് വിവരം. യുവതിയുടെ സ്ഥിര മേല്‍വിലാസം ഹലയിലും ഇപ്പോള്‍ താമസിക്കുന്നത് കറാച്ചിയിലുമാണെന്ന് മതപരിവര്‍ത്തനത്തിന്‍റെ രേഖകളില്‍ പറയുന്നത്. ഷാ റുഖ് ഗുലുമായി യുവതിയുടെ വിവാഹം നടന്നത് എന്നാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. യുവതിയെ വിട്ടുകിട്ടണമെന്നാണ് വീട്ടുകാരുടെ ആവശ്യം. എന്നാല്‍ സംഭവം നടക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ യുവതി ഇസ്‍‍ലാംമതം സ്വീകരിച്ചതായും ഇതറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹത്തിന് യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.

ഇതോടെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന പാക് പ്രധാനമന്ത്രിയുടെ ഉറപ്പിനെ ചോദ്യം ചെയ്ത് പാകിസ്ഥാനിലെ ഹിന്ദു സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. 

click me!