ഇസ്ലാമാബാദിലെ ചർച്ചകളിൽ നിർണായക വഴിത്തിരിവ്, 1979 ന് ശേഷം ഇതാദ്യമായി അമേരിക്കയും ഇറാനും മുഖാമുഖം ചർച്ച; ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വാൻസ്

Published : Apr 11, 2026, 09:57 PM IST
jd vance

Synopsis

1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾ പാകിസ്ഥാനിൽ നടന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പങ്കെടുത്ത ചർച്ച, ആറാഴ്ചത്തെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ കൂടിക്കാഴ്ച

ഇസ്ലാമാബാദ്: 1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്ക് തുടക്കമായി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ ചർച്ച നടക്കുന്നത്. അമേരിക്കൻ പ്രതിനിധി സംഘത്തിൽ വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരും, ഇറാൻ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുക, ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് ചർച്ചയിലുള്ളത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിൽ ഈ ചർച്ച ഒരു വലിയ നാഴികക്കല്ലാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ചർച്ചകൾ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചർച്ചകളിൽ ഫലം കണ്ടാൽ സാങ്കേതിക കരാറിന് അന്തിമ രൂപം നൽകും എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവ മേഖല, സാമ്പത്തിക മേഖല, സൈനിക മേഖല, നിയമ മേഖലകളിലെ വിദഗ്ദർ ആണ് നിലവിലെ ചർച്ചയിൽ നേതാക്കൾക്കൊപ്പം പങ്കെടുക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്. 

ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ

അതേസമയം ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; '30 മിനിട്ട്' താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ
ഇസ്‌ലാമാബാദിൽ ചർച്ച, സൗദിയിൽ പാക് യുദ്ധവിമാനങ്ങൾ! സമാധാന നീക്കങ്ങൾക്കിടെ ഇറാനെ ഞെട്ടിച്ച് പാക് സൈനിക വിന്യാസം