ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; '30 മിനിട്ട്' താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

Published : Apr 11, 2026, 07:58 PM ISTUpdated : Apr 11, 2026, 08:03 PM IST
Straits of hormuz

Synopsis

ഇസ്ലാമാബാദിൽ അമേരിക്ക - ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പടക്കപ്പലിന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ചർച്ച പരാജയപ്പെട്ടാൽ കനത്ത ആക്രമണം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയപ്പോൾ, വാഗ്ദാനങ്ങൾ പാലിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രയോജനമുള്ളൂ എന്ന് ഇറാനും പ്രതികരിച്ചു.

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ അമേരിക്ക - ഇറാൻ ചർച്ച അടുത്ത ഘട്ടത്തിൽ എത്തി. ഇരു പക്ഷത്തെയും വിദഗ്ധർ ചർച്ച തുടങ്ങി. നേരിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ആണവ പദ്ധതികൾ, യുനേനിയം സമ്പുഷ്ടീകരണം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായുംചർച്ച നടക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്.

അതിനിടെ അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചർച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്‍റെ നേതൃത്വത്തിലാണ് യുഎസ് സംഘം ഇസ്ലാമാബാദിൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചക്കെത്തി.

ഇറാൻ തകർന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്ന് ട്രംപ് പറഞ്ഞു. അധികം വൈകാതെ ഇറാൻ്റെ ഭാവി എന്താണെന്ന് താൻ പറയാം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും, സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറന്നു കൊടുക്കുമെന്നാണ് ട്രംപിന്‍റെ അവകാശവാദം. പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഉപയോഗിക്കുമെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കാതിരുന്നാൽ മാത്രമേ ചർച്ചകൾ കൊണ്ട് ഗുണമുണ്ടാകൂ എന്നാണ് ഇറാൻ്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്‌ലാമാബാദിൽ ചർച്ച, സൗദിയിൽ പാക് യുദ്ധവിമാനങ്ങൾ! സമാധാന നീക്കങ്ങൾക്കിടെ ഇറാനെ ഞെട്ടിച്ച് പാക് സൈനിക വിന്യാസം
ആരാണ് അമാൻഡ ഉംഗാരോ? മെലാനിയയെയും ട്രംപിനെയും ചേർത്തുവച്ചയാളുടെ കാമുകി, ചർച്ചയായി ബ്രസീലിയൻ സുന്ദരി, നയതന്ത്രജ്ഞയിൽ നിന്നും തടവറയിലേക്ക്!