ബംഗ്ലാദേശിന്റെ പ്രിയപ്പെട്ടവളായിരുന്ന ഹസീന വെറുക്കപ്പെട്ടവളായത് എങ്ങനെ? ഈ ചരിത്രം സംഭവ ബഹുലം

Published : Nov 17, 2025, 06:15 PM IST
Sheikh Hasina

Synopsis

ഏറ്റവും കൂടുതൽ കാലം ബംഗ്ലാദേശ് ഭരിച്ച വനിതാ നേതാവായ ഷെയ്ഖ് ഹസീന, വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. 

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ. ബംഗ്ലാദേശിൽ കഴിഞ്ഞ വർഷം അരങ്ങേറിയ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിലാണ് നടപടി. മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങള‍ തെളിഞ്ഞെന്നാണ് കോടതി നിരീക്ഷണം. എങ്ങനെയാണ് ബംഗ്ലാദേശിന്റെ പ്രിയപ്പെട്ടവളായ ഹസീന വെറുക്കപ്പെട്ടവളായത് എന്ന് ചരിത്രപരമായി ഒന്ന് നോക്കാം.

ഏറ്റവും അധികം കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വനിതാ നേതാവാണ് ഷെയ്ഖ് ഹസീന. പല കാലങ്ങളിലായി ഏതാണ്ട് 20 വർഷമാണ് ഹസീന ബംഗ്ലാദേശ് ഭരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിറ്റേ മാസം 1947 സെപ്തംബർ 28ന് കിഴക്കൻ പാകിസ്താനിലായിരുന്നു ഹസീനയുടെ ജനനം. അച്ഛൻ ബംഗാളി ദേശീയ നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ. സ്വതന്ത്ര ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1975ലെ അട്ടിമറിക്കാലത്ത് മുജീബ് കൊല്ലപ്പെട്ടു. കൂടെ ഹസീനയും സഹോദരിയുമൊഴികെയുള്ള ബാക്കി കുടുംബാംഗങ്ങളും. ഹസീനയ്ക്ക് ഇന്ദിരാഗാന്ധി ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകി.

1981ൽ ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങി. പിതാവ് സ്ഥാപിച്ച അവാമി ലീഗിന്റെ നേതാവായിട്ടായിരുന്നു ഈ മടക്കം. ഷെയ്ഖ് ഹസീന എന്ന രാഷ്ട്രീയക്കാരിയുടെ തുടക്കമായിരുന്നു ഇത്. സൈന്യത്തിന്റെ കൈകളിലായിരുന്ന ബംഗ്ലാദേശിൽ ജനാധിപത്യത്തിനു വേണ്ടി ഹസീനയും അവാമി ലീഗും വാദിച്ചു. പല തവണ വീട്ടുതടങ്കലിൽ അടയ്ക്കപ്പെട്ടിട്ടും ഹസീന വിട്ടുകൊടുത്തില്ല. 1991ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ബംഗ്ലാദേശിന്റെ പ്രതിപക്ഷ നേതാവായി. ഈ കാലത്തും പിന്നീടും സംഭവ ബഹുലമായിരുന്നു ബംഗ്ലാദേശിന്റെ രാഷ്ട്രീയ പരിസരം.

1996ൽ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. 2001വരെ ആ സ്ഥാനത്തു തുടർന്നു. ഈ കാലയളവിൽ ഇന്ത്യയോടുള്ള ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്തിയത് അടക്കം പല നയതന്ത്ര തീരുമാനങ്ങളും എടുത്തു. ഇങ്ങനെ ആദ്യ ഹസീന ടേമിൽ ബംഗ്ലാദേശ് അടിമുടി മാറി. അടുത്ത തെരഞ്ഞെടുപ്പിൽ ഹസീന ഖാലിദ് സിയയോട് പരാജയപ്പെട്ടു. ബംഗ്ലാദേശ് പിന്നീട് അക്രമാസക്തമായി. പല കലാപങ്ങളും അരങ്ങേറി. 2006-2008 കാലഘട്ടത്തിൽ ഹസീന ജയിലിൽ അടയ്ക്കപ്പെട്ടു. ജയിൽ മോചിതയായ ശേഷം 2008ലെ തെരഞ്ഞെടുപ്പിൽ വിജയം അവർക്കൊപ്പം നിന്നു. ഹസീന രണ്ടാമതും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. ഈ ജയത്തിന് പിന്നാലെ 1971ലെ യുദ്ധക്കേസിന്റെ ഫയലുകളിൽ ഹസീന നടത്തിയ റീ വിസിറ്റ് വൻ വിവാദമായി. ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി. 2014ലും 18ലും വിജയം ആവർത്തിച്ച് അവ‍ർ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചു.

അണികൾക്കു മുമ്പിൽ അൺ ഷെയ്ക്കബിൾ ഹസീനയായി വളരുകയായിരുന്നു ഷെയ്ഖ് ഹസീന. അവരുടെ ഉരുക്കു വനിതയായി. അതേസമയം തന്നെ ഹസീനയുടെ ഏകാധിപത്യ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ഹസീനയുടെ ഭരണത്തിന്റെ കീഴിലുണ്ടായ തിരോധാനങ്ങളും കൊലപാതകങ്ങളും വലിയ ചർച്ചയായി. രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും വേട്ടയാടിയത് വാർത്തയായി.

2024 ജനുവരിയിലെ പൊതുതെരഞ്ഞെടുപ്പോടെയാണ് 15 വർഷം നീണ്ട ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരെ വിമ‌ത ശബ്ദങ്ങൾ ശക്തമായത്. തെരഞ്ഞെടുപ്പിനെ പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ബഹിഷ്കരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്തി. തുടർന്ന് അസ്വാരസ്യങ്ങളുടെ കാലമായിരുന്നു ബംഗ്ലാദേശിൽ‌. ജൂണിൽ സർക്കാർ ജോലികളിലെ ക്വാട്ടാ സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ആരംഭിച്ചു. ഇത് പിന്നീട് ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യമുയർത്തിയുള്ള വലിയ ബഹുജന പ്രക്ഷോഭമായി വളർന്നു.

അഴിമതി ആരോപണങ്ങളുയർന്നു. മറുപടിയില്ലാതെ ഹസീന ഒന്നുല‍ഞ്ഞു. ഹസീനയുടെ വീട്ടിലെ ജോലിക്കാരന്റെ വരുമാനം വരെ ഞെട്ടിക്കുന്നതായിരുന്നു. ഹസീനയ്ക്കെതിരെ ജനവികാരം ആഞ്ഞടിച്ചു. തൊഴിലില്ലായ്മ രൂക്ഷമായതിന് പിന്നാലെ വിദ്യാർത്ഥികൾ ഹസീനയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ഹസീന രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം കലാപമായി ആളിക്കത്തി.

പ്രക്ഷോഭം അക്രമാസക്തമാവുകയും രാജ്യമെങ്ങും വ്യാപിക്കുകയും ചെയ്തു. പ്രതിഷേധത്തെ ഹസീന പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തി. സംഘർഷത്തിൽ 1,400 പേർ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഭൂരിഭാഗം പേരും മരിച്ചതും പരിക്കേറ്റതും. കൂട്ടക്കൊലപാതകത്തിന് ഹസീന നേരിട്ട് നിർദ്ദേശം നൽകി. 1971ലെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ബംഗ്ലാദേശിൽ നടന്ന ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു 2024ലേത്. പ്രക്ഷോഭം രൂക്ഷമായതിന് 2024 ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ചു. പിന്നാലെ ഇവർ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി. ദില്ലിയിൽ ഹെലികോപ്ടറിൽ പറന്നിറങ്ങിയ ഹസീന ഇപ്പോഴും ഇവിടെ തുടരുകയാണ്. ഹസീനയുടെ രാജിക്ക് പിന്നാലെ നോബേൽ സമ്മാന ജേതാവായ ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിച്ചു.

കൂട്ടക്കൊലയ്ക്ക് പൊലീസിനും സൈന്യത്തിനും നിർദ്ദേശം നൽകി, ഗൂഢാലോചന നടത്തി, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകി എന്നിവയാണ് ഹസീനയ്ക്ക് എതിരെ ട്രിബ്യൂണലിൽ തെളിഞ്ഞിരിക്കുന്ന കുറ്റങ്ങൾ. 500 പേജോളം വരുന്ന വിധിന്യായത്തിൽ മാനുഷികതയ്ക്ക് എതിരായ കുറ്റങ്ങൾ ഹസീന ചെയ്തതായി തെളിഞ്ഞെന്നാണ് ട്രിബ്യൂണൽ വ്യക്തമാക്കിയത്. ഈ കടുത്ത കുറ്റകൃത്യങ്ങൾക്ക് ഒരൊറ്റ ശിക്ഷയേ ഉള്ളൂ, അത് മരണ ശിക്ഷയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ട്രിബ്യൂണൽ വിധി അവസാനിപ്പിച്ചത്.

സംഘർഷ കാലത്ത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയിൽ ശിക്ഷാ വിധി കേൾക്കാൻ തിങ്ങി നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. അവർ കരഘോഷത്തോടെയാണ് വിധിയെ സ്വാഗതം ചെയ്തത്. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനായി ഷെയ്ഖ് ഹസീനയുടെ തന്നെ കാലത്ത് രൂപീകരിച്ചതാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ. ഈ ട്രിബ്യൂണൽ തന്നെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത് എന്നതുകൊണ്ടു തന്നെ അപ്പീൽ സാധ്യതകളും പരിമിതമാണ്. ട്രിബ്യൂണലിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അവയെ താൻ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നുമായിരുന്നു വിധി പ്രസ്താവത്തിന് തൊട്ടുമുമ്പ് ഹസീന മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതീവ ജാഗ്രതയിലാണ് നിലവിൽ ബംഗ്ലാദേശ്. കോടതിക്ക് പുറത്ത് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും അക്രമസംഭവങ്ങൾ അരങ്ങേറി. അക്രമികളെ കണ്ടാൽ വെടിവെക്കാനാണ് ഉത്തരവ്. കടുത്ത പ്രതിഷേധത്തിനാണ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് ആഹ്വാനം ചെയ്തിരിക്കുന്നത്. ആളുകൾ തെരുവിലേക്കിറങ്ങിയാൽ സ്ഥിതി ഗുരുതരമാകാനാണ് സാധ്യത.

ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാതദേശ് പല തവണ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഭയം തേടിയെത്തിയ ആരെയും നിർബന്ധിച്ച് പുറത്താക്കില്ലെന്നായിരുന്നു ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാട്. വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ ഈ ആവശ്യം ബംഗ്ലാദേശ് ശക്തമാക്കിയേക്കും. ഹസീനയെ വിട്ടുനൽകുന്നതിൽ മുൻനിലപാട് തന്നെയാണ് ഇനിയും ഇന്ത്യ സ്വീകരിക്കുന്നതെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം