
ഹോങ്കോങ്: ഹോങ്കോങില്‍ പൊലീസിന്‍റെ നിര്‍ദ്ദേശങ്ങളെയും വിലക്കുകളെയും ലംഘിച്ചും കനത്ത മഴയെ അവഗണിച്ചും തെരുവില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രക്ഷോഭം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 1.7 മില്യണ്‍ ജനാധിപത്യവാദികളാണ് വിക്ടോറിയ പാര്‍ക്കിലെ തെരുവില്‍ ഒത്തുകൂടി പ്രതിഷേധിച്ചത്.
വിക്ടോറിയ പാര്‍ക്കില്‍ മാത്രം റാലി നടത്താനായിരുന്നു പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പ്രക്ഷോഭകരുടെ എണ്ണം കൂടിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും പ്രക്ഷോഭകര്‍ കൂട്ടത്തോടെ ഹോങ്കോങിലെ സര്‍ക്കാര്‍ ഹെഡ് കോര്‍ട്ടേഴ്സ് നില്‍ക്കുന്ന ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. എന്നാല്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെ നടന്ന പ്രക്ഷോഭങ്ങള്‍ ആക്രമണങ്ങളില്‍ കലാശിച്ചതോടെ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.
ഹോങ്കോങിനൊപ്പം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനാധിപത്യവാദികളുടെ പ്രതിഷേധം. ഹോങ്കോംഗ് ഭരണാധികാരി കാരി ലാമിനെതിരായ പ്രക്ഷോഭം കഴിഞ്ഞ ജൂണിലാണ് ആരംഭിച്ചത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള കാരി ലാമിന്‍റെ ബില്ലിനെതിരെയാണ് പ്രക്ഷോഭം. കാരി ലാമിന് ചൈനയുടെ പിന്തുണയുണ്ട്.
ബ്രിട്ടണിന്‍റെ കോളനിയായിരുന്ന ഹോങ്കോങ് നിലവില്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്കോങ് നിലനിൽക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിന് സ്വയം ഭരണാവകാശം ഉണ്ടാകും. എന്നാല്‍ ചൈനയില്‍ നിന്നും തങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന ആവശ്യവും പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam