ഹോങ്കോങ് തെരുവുകള്‍ യുദ്ധക്കളമാക്കി വന്‍ സംഘര്‍ഷം

By Web TeamFirst Published Sep 29, 2019, 7:30 PM IST
Highlights

ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങില്‍ ചൈന കൂടുതല്‍ സ്വാദീനം ചെലുത്തുന്ന നടപടികള്‍ എടുക്കാന്‍ തുടങ്ങുന്നു എന്ന് ആരോപിച്ചാണ് മാസങ്ങള്‍ക്ക് മുന്‍പ് ഹോങ്കോങിലെ തെരുവുകളില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. 

ഹോങ്കോങ്: ജനധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി ചൈനയിലെ ഹോങ്കോങില്‍ നടക്കുന്ന പ്രതിഷേധം ആക്രമസക്തമായി. ഞായറാഴ്ച വലിയ സംഘര്‍ഷമാണ് ചൈനീസ് നഗരത്തിലെ പ്രധാന റോഡുകളില്‍ നടന്നത്. ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന്‍റെ 70 വാര്‍ഷിക ദിനം ആഘോഷിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ഹോങ്കോങിലെ തെരുവുകള്‍ യുദ്ധഭൂമിയായത്.

ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങില്‍ ചൈന കൂടുതല്‍ സ്വാദീനം ചെലുത്തുന്ന നടപടികള്‍ എടുക്കാന്‍ തുടങ്ങുന്നു എന്ന് ആരോപിച്ചാണ് മാസങ്ങള്‍ക്ക് മുന്‍പ് ഹോങ്കോങിലെ തെരുവുകളില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. പലപ്പോഴും ആഴ്ചയുടെ അവസാന നാളുകളില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാറുണ്ട്. തുടര്‍ച്ചയായി 17മത്തെ ആഴ്ചയാണ് ഹോങ്കോങില്‍ പ്രതിഷേധം നടക്കുന്നത്.

ചൈനീസ് നാസികള്‍ക്കെതിരെ എന്ന രീതിയില്‍ മുദ്രവാക്യം വിളിച്ചാണ് ഞായറാഴ്ച പ്രതിഷേധക്കാര്‍ ഹോങ്കോങ് തെരുവില്‍ ഇറങ്ങിയത്. ചൊവ്വാഴ്ച ആരംഭിക്കുന്ന ദേശീയ ദിന ആഘോഷത്തെ പ്രതിഷേധങ്ങള്‍ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഹോങ്കോങ് ഭരണകൂടം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ചത്തെ സംഘര്‍ഷത്തില്‍ പ്രതിഷേധകര്‍ ഇഷ്ടികകളും കല്ലും, ലേസറും ഉപയോഗിച്ച് പൊലീസുമായി സംഘര്‍ഷം നടത്തി. ജലപീരങ്കികളും റബ്ബര്‍ബുള്ളറ്റുകളും പ്രയോഗിച്ചാണ് ചൈനീസ് പൊലീസ് തിരിച്ചടിച്ചത്.

ഞങ്ങള്‍ ഹോങ്കോങുകാരാണ്, ചൈനക്കാരല്ല, ചൈനയുമായി ഞങ്ങള്‍ക്ക് പ്രശ്നമില്ല അവിടുത്തെ കമ്യൂണിസ്റ്റ് ഭരണകൂടമാണ് പ്രശ്നക്കാര്‍ തുടങ്ങിയ മുദ്രവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്. ഞായറാഴ്ച പ്രദേശിക സമയം ഉച്ചയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട്  വൈകീട്ട് 4.30 ഓടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതോടെ പൊലീസ് ജലപീരങ്കിയും, ടീയര്‍ ഗ്യാസും ഉപയോഗിക്കുകയായിരുന്നു. അതേ സമയം പൊലീസ് നടപടിയിലൂടെ പ്രതിഷേധക്കാരെ നീക്കം ചെയ്തു എന്നാണ് ഹോങ്കോങ് പ്രദേശിക ഭരണകൂടം പറയുന്നത്.

click me!