
ദില്ലി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് 48 മണിക്കൂറിന് ശേഷം, ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്എ) ഡോ. ഖലീലുർ റഹ്മാൻ ഇന്ത്യൻ എൻഎസ്എ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ആദ്യത്തെ നിർണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇത്. ബുധനാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൻ്റെ ഏഴാമത് എൻ.എസ്.എ. തല യോഗത്തിന് മുന്നോടിയായാണ് റഹ്മാൻ ദില്ലിയിൽ എത്തിയത്. ചർച്ചകൾക്ക് ശേഷം അജിത് ഡോവലിനെ അദ്ദേഹം ധാക്കയിലേക്ക് ക്ഷണിച്ചു.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സിഎസ്സി പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാന ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി ബംഗ്ലാദേശ് ഹൈക്കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതേസമയം, നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയെ കൈമാറുന്നത് ചർച്ചയുടെ അജണ്ടയിൽ ഉൾപ്പെട്ടോ എന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും മൗനം പാലിച്ചു.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൽ നിന്ന് ന്യൂഡൽഹി സന്ദർശിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഖലീലുർ റഹ്മാൻ. 2024 ജൂണിനും ഓഗസ്റ്റിനും ഇടയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട 'മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ'ക്കാണ് ഇൻ്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ-ബംഗ്ലാദേശ് ഹസീനക്ക് വധശിക്ഷ വിധിച്ചത്.