
ദില്ലി: അത്യാധുനിക ജാവലിൻ മിസൈൽ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കുന്നതിന് അമേരിക്കൻ അനുമതി. 45.7 മില്യൺ ഡോളറിനാണ് മിസൈൽ സംവിധാനം വിൽപ്പന നടത്തുക. ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി (DSCA) ബുധനാഴ്ച പ്രസ്താവനയിലൂടെയാണ് സര്‍ട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾക്ക് അനുമതി ലഭിച്ച കാര്യം അറിയിച്ചത്. യുഎസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശ നയത്തിനും ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്കും പുതിയ കരാര്‍ കരുത്താകുമെന്ന് ഡിഎസ്സിഎ വ്യക്തമാക്കി.
45.7 മില്യൺ ഡോളർ മൂല്യമുള്ള ഈ വിൽപ്പന പാക്കേജിൽ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ഉൾപ്പെടുന്നുണ്ട്. 100 എഫ്ജിഎം-148 ജാവലിൻ റൗണ്ടുകൾ, ഒരു ജാവലിൻ എഫ്ജിഎം-148 മിസൈൽ ('ഫ്ളൈ-ടു-ബൈ'), 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ അല്ലെങ്കിൽ ജാവലിൻ ബ്ലോക്ക് 1 കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (CLU) എന്നിവയാണ് അടങ്ങിയിട്ടുള്ളത്. പരിശീലന ഉപകരണങ്ങൾ, സിമുലേഷൻ റൗണ്ടുകൾ, ബാറ്ററി കൂളൻ്റ് യൂണിറ്റ്, ഓപ്പറേറ്റർ മാനുവലുകൾ, സ്പെയർ പാർട്‌സുകൾ, സിസ്റ്റം ഇൻ്റഗ്രേഷൻ, സാങ്കേതിക സഹായങ്ങൾ, ബ്ലോക്ക് 1 സി.എൽ.യു. നവീകരണ സേവനങ്ങൾ, ലൈഫ് സൈക്കിൾ പിന്തുണ ഉൾപ്പെടെയുള്ള മറ്റ് ലോജിസ്റ്റിക് പിന്തുണകളും പാക്കേജിൻ്റെ ഭാഗമാണ്.
"നിർദ്ദിഷ്ട വിൽപ്പന നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും രാജ്യത്തിൻ്റെ പ്രതിരോധം ശക്തിപ്പെടുത്താനും പ്രാദേശിക ഭീഷണികളെ തടയാനുമുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്തും. ഈ ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യൻ സായുധ സേനയ്ക്ക് വളരെ വേഗം സ്വായത്തമാക്കാൻ സാധിക്കും," എന്നും ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി. ഈ വിൽപ്പന മേഖലയിലെ അടിസ്ഥാന സൈനിക സന്തുലിതാവസ്ഥ മാറ്റില്ലെന്നും ഡി.എസ്.സി.എ. ഉറപ്പു നൽകി.
ജാവലിൻ FGM-148 എന്നത് അമേരിക്കൻ നിർമ്മിത, മനുഷ്യന് വഹിക്കാൻ കഴിയുന്ന, 'ഫയർ-ആൻഡ്-ഫൊർഗെറ്റ്' വിഭാഗത്തിൽപ്പെട്ട ടാങ്ക് വേധ മിസൈലാണ്. 1996 മുതൽ സേവനത്തിലുള്ള ഈ മിസൈൽ, യു.എസ്. സൈന്യത്തിലെ എം47 ഡ്രാഗൺ ടാങ്ക് വേധ മിസൈലിന് പകരമായി കൊണ്ടുവന്നതാണ്. ഓട്ടോമാറ്റിക് ഇൻഫ്രാറെഡ് ഗൈഡൻസ് സംവിധാനം ഉപയോഗിക്കുന്നതിനാൽ, വിക്ഷേപണം നടത്തുന്ന കേന്ദ്രത്തം തിരിച്ചറിഞാലും സൈനികര്‍ക്ക് സുരക്ഷിതമായ മാറാൻ സാധിക്കും. സാധാരണയായി കവചിത വാഹനങ്ങൾക്കെതിരെ (ടോപ്പ്-അറ്റാക്ക് ഫ്ലൈറ്റ് പ്രൊഫൈൽ) കൂടുതൽ കവചമില്ലാത്ത മുകൾഭാഗത്ത് ആക്രമണം നടത്താൻ ഉപയോഗിക്കുന്നു. കെട്ടിടങ്ങൾക്കും മറ്റ് ലക്ഷ്യങ്ങളിലും നേരിട്ടുള്ള ആക്രമണം നടത്താനും ഉപയോഗിക്കാം. ടോപ്പ്-അറ്റാക്ക് മോഡിൽ 500 അടി വരെയും ഡയറക്ട്-ഫയർ മോഡിൽ 190 അടി വരെയും മിസൈലിന് ഉയരം കൈവരിക്കാൻ കഴിയും.