സൗദിയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി യെമനിലെ ഹൂതി വിമതര്‍

By Web TeamFirst Published Sep 16, 2019, 10:18 PM IST
Highlights

ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. നാലരകൊല്ലമായി യെമനില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ സൗദിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് സൗദി എണ്ണപ്പാടത്ത് നടന്ന ഡ്രോണ്‍ ആക്രമണം.

വാഷിംങ്ടണ്‍: സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി യെമനിലെ ഹൂതി വിമതര്‍. സൗദിയുടെ എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ച ഡ്രോണ്‍ ആക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് അയല്‍ രാജ്യത്തെ വിമതരുടെ വെല്ലുവിളി. അതേ സമയം സൗദിയിലെ ഡ്രോണ്‍ ആക്രമണത്തിന്‍റെ പേരില്‍ ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുകയാണ്.

ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. നാലരകൊല്ലമായി യെമനില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ സൗദിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് സൗദി എണ്ണപ്പാടത്ത് നടന്ന ഡ്രോണ്‍ ആക്രമണം. സൗദിയുടെ എണ്ണശേഖരത്തില്‍ ആക്രമണം നടത്തിയ ഡ്രോണുകള്‍ യെമനില്‍ നിന്നാണ് വിക്ഷേപിക്കപ്പെട്ടത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ ഹൂതികളെ ഈ ആക്രമണത്തിന്‍റെ പേരില്‍ വിമര്‍ശിച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നത് ഇറാനെയാണ്. ഇറാന്‍ യെമന് സുരക്ഷയ്ക്കായി നല്‍കിയ ഡ്രോണുകളും മിസൈലുകളും ഹൂതി വിമതര്‍ ഉപയോഗിക്കുന്നു എന്ന ഐക്യ രാഷ്ട്ര സഭയുടെ നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് സൗദി ആക്രമണത്തില്‍ അമേരിക്ക ഇറാനെതിരെ നീക്കം ആരംഭിച്ചത്.

അതേ സമയം സൗദി സൈനിക വക്താവ് കേണ്‍ തുര്‍കി അല്‍ മാലിക്കിന്‍റെ വാക്കുകള്‍ പ്രകാരം സൗദിയില്‍ ആക്രമണം നടത്തിയ ഡ്രോണുകള്‍ യെമനില്‍ ഉണ്ടാക്കിയതല്ലെന്ന് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.  ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സൂചനകള്‍ പ്രകാരം ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്‍ നിര്‍മ്മിതമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ എവിടെ നിന്നാണ് ഇവ വിക്ഷേപിക്കപ്പെട്ടത് എന്ന് സൗദിക്ക് ഇപ്പോഴും അറിയില്ല, റിയാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സൗദി സൈനിക വക്താവ് അറിയിച്ചു.

അതേ സമയം ഇറാന്‍ ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ രാജ്യത്ത് നിര്‍മ്മിച്ച ആയുധങ്ങളാണോ ആക്രമണത്തിന് ഉപയോഗിച്ചത് എന്ന കാര്യത്തില്‍ ഇറാന്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. 
 

click me!