രാജ്യത്തിന്റെ സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം റഷ്യയുമായി 5083 കോടി രൂപയുടെ പുതിയ കരാറിൽ ഒപ്പുവെച്ചു. ഈ കരാർ പ്രകാരം ഇന്ത്യൻ നാവികസേനയ്ക്ക് നൂതന മിസൈൽ സംവിധാനങ്ങളും കോസ്റ്റ് ഗാർഡിന് ആറ് അത്യാധുനിക ഹെലികോപ്റ്ററുകളും ലഭിക്കും

ദില്ലി: രാജ്യത്തിന്റെ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 5083 കോടി രൂപയുടെ പുതിയ കരാറുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. റഷ്യയുമായും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായാണ് പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടത്. ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും പുത്തൻ കരുത്തേകുന്നതാണ് കരാർ എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാവികസേനയ്ക്കായി നൂതന മിസൈൽ സംവിധാനങ്ങൾ വാങ്ങുമെന്നതാണ് കരാറിലെ പ്രധാന തീരുമാനം. ഇതാണ് റഷ്യയിൽ നിന്ന് വാങ്ങുക. കോസ്റ്റ് ഗാർഡിനായി ആറ് അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനും തീരുമാനമുണ്ട്. ഇത് സംബന്ധിച്ച കരാർ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് ഒപ്പിട്ടിട്ടുള്ളത്. സമുദ്ര അതിർത്തികളിലെ നിരീക്ഷണവും പ്രത്യാക്രമണ ശേഷിയും വർദ്ധിപ്പിക്കാൻ ഈ പുതിയ നീക്കം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം