
റിയാദ്: സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലെ സംഘർഷം രൂക്ഷമാകുന്നു. ഹൂത്തി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ദമാമിലെ കിങ് ഫഹദ് എയർപോർട്ടിന് നേരെയും ആക്രമണം നടത്തി. വിമാനത്താവളത്തിന് സമീപം മിസൈൽ അവശിഷ്ടം വീണതായാണ് റിപ്പോർട്ട്. റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം റാസ് അൽ ഖൈമ തീരത്ത് നിന്ന് ഒഴിഞ്ഞുപോകാൻ കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി.
ഫെബ്രുവരിയിൽ തുടങ്ങിയ ഇറാൻ യുദ്ധത്തിന് ശേഷം ഒരു ഗൾഫ് അറബ് രാജ്യത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് റിയാദിൽ ഇക്കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായത്. മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമില്ലാത്ത രണ്ട് വിദേശ ഉദ്യോഗസ്ഥരും ഒരു സൗദി ഉദ്യോഗസ്ഥനും പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്ക് പുറത്തുവിട്ടതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്.
തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും സൗദി സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു. യെമൻ അതിർത്തിക്കപ്പുറത്ത്, സൗദി യുദ്ധവിമാനങ്ങൾ ഹൂത്തികൾക്കെതിരെ അതിശക്തമായ ബോംബാക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം നൂറുകണക്കിന് വ്യോമാക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും കുട്ടികളും മറ്റ് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഹൂത്തികൾ പറയുന്നതായും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam