റിയാദ്: വിമാനക്കമ്പനികൾക്ക് ഹൂതികളുടെ മുന്നറിയിപ്പ്. സൗദിയിലേക്ക് സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. മക്കയെയും മദീനയെയും ഇതിൽ നിന്ന് ഒഴിവാക്കിയെന്നും റിയാദ് കിങ് ഖാലിദ് വിമാനത്താവളം വീണ്ടും ആക്രമിച്ചെന്ന് ഹൂതികൾ അറിയിച്ചു. അതേസമയം, സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. കൂടാതെ, സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.
ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുഡാനീസ് പൗരൻ മരണപ്പെട്ടു. ഇവിടെ 5 സൗദി സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു പാകിസ്താൻ പൗരൻ എന്നിവരടക്കം 8 പേർക്ക് പരിക്കേറ്റു. പരിക്കുകളുടെ സ്വഭാവം നിസ്സാരം മുതൽ ഗുരുതരം വരെയാണെന്ന് അതോറിറ്റി വ്യക്തമാക്കി. സുരക്ഷാ ഏജൻസികളുമായി സംയോജിച്ച് നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ വിലയിരുത്തി വരികയാണെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രാക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തെ സിവില്‍ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷിതത്വം പൂർണ്ണമായി നിലനിർത്താനും ആവശ്യമായ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam