
ചരിത്രത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ ആരാണെന്ന് ചോദിച്ചാൽ നമ്മൾ ആദ്യം ആലോചിക്കുക എലോൺ മസ്കിന്റെയോ ബിൽ ഗേറ്റ്സിന്റെയോ ഒക്കെ പേരായിരിക്കും. എന്നാൽ ചരിത്രകാരന്മാർ പറയുന്നത് മറ്റൊന്നാണ്. പതിനാലാം നൂറ്റാണ്ടിൽ മാലിയൻ സാമ്രാജ്യം ഭരിച്ചിരുന്ന മാൻസ മൂസ (Mansa Musa) ആയിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരൻ. അദ്ദേഹത്തിന്റെ ഈ സമ്പത്തിന്റെ രഹസ്യം മറ്റൊന്നുമല്ല, ആഫ്രിക്കൻ മണ്ണിലെ വൻ സ്വർണ്ണ നിക്ഷേപമായിരുന്നു.
പക്ഷേ, നൂറ്റാണ്ടുകൾക്കിപ്പുറവും ആഫ്രിക്കയും സ്വർണ്ണവും തമ്മിലുള്ള ബന്ധം വലിയൊരു വൈരുദ്ധ്യമായി തുടരുകയാണ്. മണ്ണിനടിയിലുള്ള ആകെ സ്വർണ്ണ നിക്ഷേപത്തിന്റെ കാര്യമെടുക്കുമ്പോൾ ലോകത്തിലെ 40 ശതമാനവും ആഫ്രിക്കയിലാണുള്ളത്. എന്നിട്ടും, ഈ വ്യവസായത്തിൽ നിന്നുള്ള യഥാർത്ഥ ലാഭം കൊണ്ടുപോകുന്നത് ആഫ്രിക്കയല്ല, മറിച്ച് വിദേശ രാജ്യങ്ങളാണ്. ഈ ചൂഷണത്തിനെതിരെ ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയൊരു സാമ്പത്തിക വിപ്ലവം തന്നെ ഇപ്പോൾ നടക്കുന്നുണ്ട്.
ആഫ്രിക്കയിൽ ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണത്തിന്റെ ഭൂരിഭാഗവും നേരെ കയറ്റി അയക്കുന്നത് യുകെ (UK) പോലെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ്. അവിടെ വെച്ചാണ് ഇത് ശുദ്ധീകരിക്കുന്നതും, വില നിശ്ചയിക്കുന്നതും, വലിയ ലാഭത്തിൽ വ്യാപാരം നടത്തുന്നതും. ചുരുക്കം പറഞ്ഞാൽ, കഷ്ടപ്പെട്ട് മണ്ണുമാന്തുന്നത് ആഫ്രിക്കക്കാരും, അതിന്റെ യഥാർത്ഥ മൂല്യം കൊയ്യുന്നത് വിദേശ വിപണികളുമാണ്. പരിമിതമായ സ്വർണ്ണ ശുദ്ധീകരണ ശേഷിയും മൂലധനക്ഷാമവുമാണ് ആഫ്രിക്കയെ ഇതിന് പ്രേരിപ്പിക്കുന്നത്.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. കേവലം, സ്വർണ്ണം ഖനനം ചെയ്ത് കയറ്റി അയക്കുന്നതിന് പകരം, അതിന്മേൽ പൂർണ്ണമായ നിയന്ത്രണം കൊണ്ടുവരാൻ ആഫ്രിക്കൻ രാജ്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ആഗോളതലത്തിൽ പണപ്പെരുപ്പവും യുദ്ധങ്ങളും സാമ്പത്തിക അസ്ഥിരതയും വർദ്ധിക്കുമ്പോൾ ഡോളറിനേക്കാൾ വിശ്വസിക്കാൻ കൊള്ളുന്നത് സ്വർണ്ണമാണെന്ന് ലോകം തിരിച്ചറിയുന്നുണ്ട്. അമേരിക്കയും ചൈനയും ഇന്ത്യയും റഷ്യയുമൊക്കെ തങ്ങളുടെ സ്വർണ്ണ ശേഖരം കൂട്ടുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. ഇതേ പാതയിലാണ് ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളും.
ഘാന തങ്ങളുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സ്വർണ്ണം സ്വന്തം സെൻട്രൽ ബാങ്ക് വഴി തന്നെ നേരിട്ട് വാങ്ങി ശേഖരം കൂട്ടുകയാണ്. പുതിയ നിയമപ്രകാരം ഖനന കമ്പനികൾ തങ്ങളുടെ ആകെ ഉൽപ്പാദനത്തിന്റെ 20 ശതമാനം രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന് തന്നെ വിൽക്കണമെന്ന് നിർബന്ധമാക്കിയിരിക്കുകയാണ് ടാൻസാനിയ. നൈജീരിയയും ഗിനിയയും ഇതേ രീതിയിൽ സ്വർണ്ണത്തിന്മേൽ തങ്ങളുടെ മേൽനോട്ടം ശക്തമാക്കുകയാണ്. ഡോളറിനെ ആശ്രയിക്കുന്നത് കുറച്ച്, സ്വന്തം കറൻസിയെയും സമ്പദ്‌വ്യവസ്ഥയെയും ശക്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഈ സാമ്പത്തിക പോരാട്ടം ഏറ്റവും ശക്തമായി നടക്കുന്നത് സഹേൽ (Sahel) മേഖലയിലാണ്. പ്രത്യേകിച്ച് മാലി (Mali), ബുർക്കിന ഫാസോ (Burkina Faso) എന്നീ രാജ്യങ്ങളിൽ. അവിടെയുള്ള സൈനിക ഗവൺമെന്റുകൾ തങ്ങളുടെ പഴയ കൊളോണിയൽ പങ്കാളികളായ ഫ്രാൻസിനെപ്പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് 'വിഭവ ദേശീയത' അല്ലെങ്കിൽ Resource Nationalism പ്രഖ്യാപിച്ചിരിക്കുകയാണ്.
മാലി പ്രസിഡന്റ് അസിമി ഗോയിറ്റ ഫ്രാൻസിനെ മാറ്റിനിർത്തി ഇപ്പോൾ റഷ്യയുമായി കൈകോർത്ത് സ്വന്തമായി ഒരു സ്വർണ്ണ ശുദ്ധീകരണ ശാല (Gold Refinery) തലസ്ഥാനമായ ബമാകോയിൽ നിർമ്മിക്കുകയാണ്. ഉൽപ്പാദനക്ഷമമല്ലാത്ത വിദേശ കമ്പനികളുടെ ലൈസൻസുകൾ ഇവർ റദ്ദാക്കുന്നുമുണ്ട്. പക്ഷേ, ഇത്തരത്തിലുള്ള പെട്ടെന്നുള്ള കടുത്ത നടപടികൾ വിദേശ നിക്ഷേപകരെ ഭയപ്പെടുത്തുമെന്നും, അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കാൻ സമയമെടുക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതിനൊപ്പമുള്ള മറ്റൊരു പ്രധാന മാറ്റം, ആഫ്രിക്കയിലെ വലിയൊരു മേഖലയായ പരമ്പരാഗത ഖനനത്തെ (Artisanal mining) ഗവൺമെന്റുകൾ നിയമ വിധേയമാക്കുന്നു എന്നതാണ്. കള്ളക്കടത്ത് തടയാനും, ആഭ്യന്തരമായി തന്നെ സ്വർണ്ണം സംസ്കരിക്കാനും ഇത് വഴി സാധിക്കും. എങ്കിലും ഇതിന്റെ ഗുണങ്ങൾ താഴേത്തട്ടിലുള്ള സാധാരണ തൊഴിലാളികളിലേക്ക് പൂർണ്ണമായി എത്തിച്ചേരാൻ ഇനിയും കടമ്പകൾ ഏറെയാണ്.
തീർച്ചയായും, സ്വർണ്ണത്തിന്റെ ഖനനം മുതൽ അതിന്റെ വില നിർണ്ണയം വരെ സ്വന്തം രാജ്യത്തിനകത്ത് തന്നെ നടത്തുക എന്നത് ആഫ്രിക്കയെ സംബന്ധിച്ച് ഒരു നീണ്ട പാതയാണ്. ഇതിനായി വൻ ഇൻഫ്രാസ്ട്രക്ചറും രാഷ്ട്രീയ സ്ഥിരതയും ആവശ്യമാണ്. എങ്കിലും ഒന്നുറപ്പാണ്, ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങളുടെ മേൽ പരമാധികാരം സ്ഥാപിക്കാൻ ഉറച്ചു കഴിഞ്ഞു. സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് ശരിയാണെങ്കിൽ, അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കുന്ന ഒപെക് (OPEC) കൂട്ടായ്മ പോലെ, ലോക സ്വർണ്ണ വിപണിയെ നിയന്ത്രിക്കുന്ന ഒരു 'ആഫ്രിക്കൻ ഗോൾഡ് ഒപെക്' നമുക്ക് കാണാൻ സാധിച്ചേക്കും.
അതേ സമയം, ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണശേഖരം വീണ്ടും വന്‍തോതില്‍ ഉയര്‍ത്തുകയാണ്. ഈ പട്ടികയില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 8,133.5 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് അമേരിക്കയ്ക്കുള്ളത്. ഇത് രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ ശേഖരത്തിന്റെ ഇരട്ടിയിലധികമാണ്. മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ആകെ ശേഖരത്തിന് ഏകദേശം തുല്യവുമാണിത്. അമേരിക്കയും യൂറോപ്പും ചേര്‍ന്നാല്‍ മാത്രം ലോകത്തെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ 60 ശതമാനത്തിലധികം വരും.
1. അമേരിക്ക: 8,133.5 ടണ്‍
2. ജര്‍മ്മനി: 3,351.6 ടണ്‍
3. ഇറ്റലി: 2,451.9 ടണ്‍
4. ഫ്രാന്‍സ്: 2,437.0 ടണ്‍
5. റഷ്യ: 2,333.5 ടണ്‍
6. ചൈന: 2,279.6 ടണ്‍
7. സ്വിറ്റ്സര്‍ലന്‍ഡ്: 1,040.1 ടണ്‍
8. ഇന്ത്യ: 876.2 ടണ്‍
9. ജപ്പാന്‍: 845.9 ടണ്‍
10. തുര്‍ക്കി : 615.0 ടണ്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam