
ദില്ലി: ലോകത്തിലെ നിലവിലെ സംഘർഷങ്ങളുടെ നേർചിത്രമായി മാറുകയാണ് ആഗോള വ്യോമഗതാഗത ഭൂപടം. ഫ്ലൈറ്റ് റഡാർ24 പങ്കുവെച്ച ഏറ്റവും പുതിയ വ്യോമഗതാഗത ഭൂപടം മൂന്ന് വ്യക്തമായ ശൂന്യതകളാണ് എടുത്ത് കാണിക്കുന്നത്. ഇറാൻ, യുക്രൈൻ, ടിബറ്റ് എന്നിവിടങ്ങളാണ് വിമാനം പറക്കാത്ത വ്യോമ മേഖലകൾ. റഷ്യയും യുക്രൈനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും ഇറാനും ഇസ്രായേലും തമ്മിലുള്ള പുതിയ യുദ്ധഭീഷണികൾക്കും ഇടയിലാണ് ഈ ഭൂപടം ചര്‍ച്ചയാകുന്നത്. "ഇതാണ് നിലവിൽ ആഗോള വ്യോമഗതാഗതം. മൂന്ന് വ്യക്തമായ വിടവുകൾ വ്യോമഗതാഗതത്തെ പരിമിതപ്പെടുത്തുന്നു" ഫ്ലൈറ്റ്റഡാർ24 റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 13-ന് ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങളെയും മിസൈൽ കേന്ദ്രങ്ങളെയും സൈനിക കമാൻഡർമാരെയും ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചപ്പോൾ ഇറാനിയൻ വ്യോമാതിർത്തിയിൽ സമാനമായൊരു കാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചിരുന്നു. ഫ്ലൈറ്റ്റഡാർ24 പുറത്തുവിട്ട ഒരു ടൈം-ലാപ്സ് വീഡിയോ ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ആഘാതം വ്യക്തമായി വരച്ചുകാട്ടുന്നതായിരുന്നു വീഡിയോ. സെക്കൻഡുകൾ ദൈര്‍ഘ്യമുള്ള ടൈം ലാപ്സ് ദൃശ്യങ്ങളിൽ ഇറാനിയൻ വ്യോമാതിർത്തിയിൽ നിന്ന് വിമാനങ്ങൾ പൂർണ്ണമായി ഒഴിഞ്ഞുപോകുന്നതായുന്നു കാണുന്നത്.
ഇറാനിയൻ ആകാശത്ത് ഇസ്രായേലി ഡ്രോണുകളും മിസൈലുകളും പറക്കുന്ന സാഹചര്യത്തിൽ വാണിജ്യ വിമാനങ്ങൾ അതിവേഗം വഴിമാറിപ്പറക്കുകയായിരുന്നു. ഇതോടെ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണ്ണമായും വിജനമായി. വിമാനങ്ങൾ ഇറാനിയൻ അതിർത്തിയിൽ നിന്ന് മാറി മറ്റ് റൂട്ടുകലിലൂടെ യാത്ര തുടർന്നു. വിമാനങ്ങളുടെ ഈ വഴിതിരിച്ചുവിടൽ യാത്രാ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും, സമയ നഷ്ടം ഉണ്ടാക്കാനും, ഇന്ധനച്ചെലവ് വർദ്ധിക്കാനും കാരണമായി.