Water pollution | അരുവിയിലെ ജലത്തില്‍ ബിയറും പഞ്ചസാരയും; വിചിത്ര സംഭവത്തിന് പിന്നിലെ കാരണം ഇതാണ്

By Web TeamFirst Published Nov 20, 2021, 7:08 PM IST
Highlights

അരുവിയിലെ ജലം പരിശോധിച്ചതില്‍ 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം ജലത്തില്‍ കണ്ടെത്തി. വീര്യം കുറഞ്ഞ ബിയറുകളിലെ ആല്‍ക്കഹോള്‍ സാന്നിധ്യത്തിന് സമാനമാണ് ഇത്.

വെള്ളത്തില്‍ അതിമാരകമായ ബാക്ടീരിയയുടേയും വിഷപദാര്‍ത്ഥങ്ങളുടേയും സാന്നിധ്യം കണ്ടെത്തുന്നത് ഇപ്പോള്‍ സാധാരണമാണ് (Water pollution). എന്നാല്‍ ഒരു അരുവിയില്‍ ഒഴുകുന്ന ജലത്തില്‍ മദ്യത്തിന്‍റെ ( Alcohol) സാന്നിധ്യമാണെങ്കിലോ. സമീപത്ത് ബിവെറേജിന്‍റെ വാഹനം ഇടിച്ച് കുപ്പി പൊട്ടി ഒഴുകിയ അരുവിയേക്കുറിച്ചല്ല പറയുന്നത്. കാലങ്ങളായി ഒഴുകിക്കൊണ്ടിരുന്ന അരുവിയിലെ ജലത്തില്‍ വളരെ ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമാണ് കണ്ടെത്തിയത്. ഹവായിലെ (Hawaii) വെയ്പോയിലാണ് സംഭവം. ഓയാഹു (Oahu) ദ്വീപിലാണ് ഈ വിചിത്ര സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ഇവിടം കാണാനെത്തിയ ഒരു സഞ്ചാരിയാണ് അരുവിയിലെ ജലത്തിനുള്ള വിചിത്രമായ ഗന്ധം ശ്രദ്ധിക്കുന്നത്. മദ്യത്തിന് സമാനമായ ഗന്ധം തിരിച്ചറിഞ്ഞതോടെ സഞ്ചാരി വിവരം സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അരുവിയിലെ ജലം പരിശോധിച്ചതില്‍ 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം ജലത്തില്‍ കണ്ടെത്തി. വീര്യം കുറഞ്ഞ ബിയറുകളിലെ ആല്‍ക്കഹോള്‍ സാന്നിധ്യത്തിന് സമാനമാണ് ഇത്. പ്രമുഖ ബിയര്‍ ബ്രാന്‍ഡായ ബഡ്വൈസര്‍ സ്ടോംഗില്‍ അടങ്ങിയ ആല്‍ക്കഹോളിന്‍റെ നാലിലൊന്ന് അരുവിയിലെ ജലത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ആല്‍ക്കഹോളിന് പുറമേ 0.4 ശതമാനം പഞ്ചസാരയും അരുവിയിലെ ജലത്തിലുണ്ടെന്നാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

അരുവിയിലേക്ക് ഒഴുകിയെത്തുന്ന ഒരു അഴുക്കുചാലാണ് ജലത്തില്‍ ആല്‍ക്കഹോള്‍ നിറയ്ക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. സംഭവിക്കുന്നത് ബുദ്ധിമുണ്ടാക്കുന്ന കാര്യമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പ്രകൃതിയിലെ മനുഷ്യന്‍റെ തെറ്റായ രീതിയിലെ ഇടപെടലുകളെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പഴിക്കുന്നത്.

അരുവിയുടെ സമീപമുള്ള മദ്യശാലയുടെ വെയര്‍ഹൌസാണ് മാലിന്യത്തിന് കാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യം ഒഴുക്കുന്ന അഴുക്കുചാല്‍ അരുവിയിലേക്കാണെന്ന് ആരോഗ്യ വിഭാത്തിന് ഇതിനോടകം പരാതി നല്‍കിയിട്ടുമുണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. മേഖലയിലെ ഏറ്റവും വലിയ മദ്യ നിര്‍മ്മാതാക്കളായ പാരഡൈസ് ബീവറേജിന്‍റേതാണ് വെയര്‍ഹൌസ്. എന്നാല്‍ മാലിന്യം അരുവിയിലേക്ക് ഒഴുക്കുന്നുവെന്ന ആരോപണം ഇവര്‍ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ദില്ലിയിലെ യമുനാ നദിയില്‍ മാലിന്യം പതഞ്ഞ് പൊന്തിയ ദൃശ്യങ്ങള്‍ അടുത്തിടെ ലോകശ്രദ്ധ നേടിയിരുന്നു. ദില്ലിയിൽ തണുപ്പ് കൂടിയതിന് പിന്നാലെ യമുനാ നദിയിൽ വിഷപ്പത രൂപപ്പെട്ടിരുന്നു. കക്കൂസ് മാലിന്യവും സോപ്പും കുടിച്ചേർന്നാണ് പത രൂപപ്പെടുന്നതെന്നായിരുന്നു വിദഗ്ധർ കണ്ടെത്തിയത്. ദില്ലിയിലെ വായുമലിനീകരണം രൂക്ഷമായതിന് പിന്നാലെയായിരുന്നു ഇത്. 

click me!