റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയില്ല. ഇന്ത്യയ്ക്കുള്ള അധികതീരുവ ഒഴിവാക്കിയത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാലാണെന്ന അവകാശവാദം അമേരിക്ക ആവർത്തിച്ചു

ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയില്ല. ഇന്ത്യയ്ക്കുള്ള അധികതീരുവ ഒഴിവാക്കിയത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാലാണെന്ന അവകാശവാദം അമേരിക്ക ആവർത്തിച്ചു. ഇന്ത്യയ്ക്ക് എവിടെ നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൽഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് തന്നെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. അമേരിക്കയ്ക്ക് അനുകൂല തീരുമാനം എടുത്തതിനാൽ ഇന്ത്യയ്ക്ക് മേലുള്ള അധിക തീരൂവ ഒഴിവാക്കുന്നതായും ട്രംപ് അറിയിച്ചു. 50% ആയിരുന്ന ആകെ തീരുവ 18% ആയി കുറച്ചു. എന്നാൽ എണ്ണ വാങ്ങുന്നതിൽ ഇതുവരെ ഇന്ത്യ ഔദ്യോഗിക പ്രസ്താവന നൽകിയിട്ടില്ല.

പാർലമെന്റിൽ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നടത്തിയ പ്രസ്താവനയില്‍ ഊർജ്ജസുരക്ഷ ഇന്ത്യ ഉറപ്പാക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യ മറ്റു രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാനുള്ള സാധ്യതയാണ് ഇത് തുറന്നിടുന്നത്. അമേരിക്കയുമായും യുഎഇയുമായും ഇതു സംബന്ധിച്ച് ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലും അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുന്നതും ചർച്ചയായെന്നാണ് സൂചന. മറ്റു രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല എന്ന് ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയതായി തങ്ങളെ അറിയിച്ചിട്ടില്ലെന്ന് റഷ്യയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരുമെന്നും ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്നും റഷ്യ പറഞ്ഞു. വിദേശകാര്യമന്ത്രാലയം ഇന്ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയേക്കും. കരാറിൻറെ വിശദാംശം പുറത്തു വിടാത്തതിൽ പ്രതിപക്ഷം പാർലമെൻറിൽ പ്രതിഷേധികകുകയും ചെയ്തു.