
നെയ്റോബി: കെനിയയിലെ മകുവേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിൽ ഡിസംബർ 30ന് ആകാശത്ത് നിന്ന് റോക്കറ്റ് അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന കൂറ്റൻ ലോഹചക്രം താഴെവീണു. ഏകദേശം 2.5 മീറ്റർ വ്യാസവും ഭാരവുമുള്ള വളയമാണ് കണ്ടെത്തിയതെന്ന് കെനിയ സ്‌പേസ് ഏജൻസി (കെഎസ്എ) സ്ഥിരീകരിച്ചു. ഏകദേശം 500 കിലോഗ്രാം ഭാരം വരുമെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.00 മണിയോടെയാണ് വസ്തു താഴെ വീണത്. എഎഫ്‌പി റിപ്പോർട്ടുകൾ പ്രകാരം, പ്രദേശം സുരക്ഷിതമാക്കുകയും കൂടുതൽ വിശകലനത്തിനായി അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവം നടന്നയുടൻ അധികൃതരെ അറിയിച്ച ഗ്രാമീണരുടെ ഇടപെടലിനെ കെഎസ്എ പ്രശംസിച്ചു. വസ്തു എവിടെ നിന്ന് വീണുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം വസ്തു ലോഞ്ച് വെഹിക്കിളിൽ നിന്ന് വേർപെടുത്തുന്ന വളയമാണെണെന്ന് സംശയിക്കുന്നതായും ഏജൻസി പറഞ്ഞു. ഇത്തരം ഘടകങ്ങൾ സാധാരണയായി റീ-എൻട്രി സമയത്ത് കത്തുന്നതിനോ വിദൂര പ്രദേശങ്ങളിൽ വീഴുന്നതിനോ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് കൂട്ടിച്ചേർത്തു. അവശിഷ്ടങ്ങൾ സുരക്ഷാഭീഷണി ഉയർത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ആഗോളതലത്തിൽ ബഹിരാകാശ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് ബഹിരാകാശ അവശിഷ്ടങ്ങളുടെ പ്രശ്നം കൂടുതൽ ശക്തമായി.
Read More... എച്ച്എംപിവി വൈറസ് കണ്ടെത്തിയിട്ട് 24 വർഷം, ഇതുവരെ വാക്സിനായില്ല, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് വിദഗ്ധർ
2022-ൽ, സ്പെയ്സ് എക്സ് ഡ്രാഗണ് ക്യാപ്‌സ്യൂളിൻ്റെ ഒരു ഭാഗം ഓസ്‌ട്രേലിയയിലെ കൃഷി സ്ഥലത്ത് വീണിരുന്നു. നേരത്തെ അമേരിക്കൻ കുടുംബം ഫ്ലോറിഡയിലെ അവരുടെ വീടിന് കേടുപാടുകൾ വരുത്തിയതിനെ തുടർന്ന് നാസയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു. റോക്കറ്റുകളുടെ വലിയ ഭാഗങ്ങൾ അനിയന്ത്രിതമായി ഭൂമിയിലേക്ക് പതിച്ചതിന് ചൈനയും വിമർശനം നേരിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam